Pages

Sunday 18 March 2012

മഴ നനയുന്ന റേഡിയോ


 പുതുമണ്ണിന്‍ ഗന്ധമൂറും ഇടവഴികളിലും നെല്‍ക്കതിരുകള്‍ തലയാട്ടിക്കളിക്കുന്ന പുഞ്ചപ്പാടങ്ങളിലും പെയ്തൊഴിയാമെന്നു കരുതിയാണ് മഴ മേലെ മുകിലിന്റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങിയത്. പക്ഷെ, ചൂളമടിച്ചു വന്ന തെമ്മാടിക്കാറ്റ്  കൊണ്ടുപോയത് നഗരത്തിലേക്കായിരുന്നു. ഇവിടെയുള്ളവര്‍ക്ക് മഴയെ വെറുപ്പാണത്രേ. പെയ്യാന്‍ മഴക്കും. എത്തിച്ചേരുന്നിടത്ത് കാത്തിരിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ യാത്രകളെങ്ങിനെ സഫലമാകും?. നിര്‍വികാരതയുടെ തെരുവീഥിയിലും തിരക്കിട്ടോടുന്നവരുടെ അസ്വസ്ഥതയിലും ചെരിഞ്ഞു പെയ്യുകയെന്നാല്‍ അസഹ്യമാണ്.
   
     തലതല്ലി കരയുന്ന മഴയെ കണ്ടു മണ്ണ് പുഞ്ചിരിച്ചു. ഇളം വെയിലില്‍ മഴവില്ല് വിരിഞ്ഞു. ആകാശം മോണകാട്ടി ചിരിച്ചു. അകമ്പടിയായെത്തിയത് ഒരു നേര്‍ത്ത തേങ്ങലിന്റെ വിഷാദരാഗം. ഈ തുള്ളിമഴയത്തും ആരാണിങ്ങനെ ശബ്ദം താഴ്ത്തിക്കരയുന്നത്?
"മഴേ, നീ കാണുന്നില്ലേ എന്നെ?" 

     ചോദ്യം സ്വാര്‍ത്ഥതയുടെ ഇരുനില മാളികക്കരികെ നിന്നാണ്. മണ്ണോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരു കറുത്ത റേഡിയോ. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞതാകാം. ആ കിടപ്പ് കണ്ടു മഴ സങ്കടപ്പെട്ടു. തണുത്ത വിറച്ചു റേഡിയോയുടെ ചുണ്ടുകള്‍ വിതുമ്പുകയാണ്. 

"ഗ്രാമത്തിലുള്ള വീട്ടുകാര്‍ക്കൊപ്പം ഇങ്ങോട്ട് പോരുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. കൂട്ടത്തില്‍ കൊച്ചമ്മക്കായിരുന്നു എന്നെയേറെയിഷ്ടം. പക്ഷെ പൊങ്ങച്ചത്തിന്റെ മനസ്സ് പതിയെ എന്നെ അവരുടെ കണ്ണിലെ കരടാക്കി. കുറച്ചു ദിവസം മുന്നേ, ആ കൈകള്‍ തന്നെയാണ് ജാലകവാതിലൂടെ ഈ കുപ്പത്തൊട്ടിയിലേക്കെന്നെ എടുത്തെറിഞ്ഞത്."  
          
     റേഡിയോയുടെ നിലവിളി പുറത്തേക്കു വരുന്നില്ല. പൂമുഖത്ത് നിന്നും ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു ആ കൊച്ചമ്മ. മഴയെക്കാളും ശബ്ദത്തില്‍ തിമിര്‍ത്തു പെയ്യുന്നുണ്ട് അവരുടെ വാചാലത. 

"ഹാ, അവരെയും കുറ്റം പറയാനാകില്ല. ഒരു വീട്ടിലെന്തിനാ രണ്ടു റേഡിയോ?" 

     സഹതാപത്തോടെ മഴ നെടുവീര്‍പ്പിട്ടു. 

"മഴേ, നീയും കൂടിയിപ്പോ അവരുടെ ഭാഗത്തായല്ലേ? അല്ലെങ്കിലും നിനക്ക് മണ്ണിന്റെ ദാഹം മാത്രമേ അറിയൂ. പക്ഷെ ഞാനോ? നിന്നെ നനയുന്നു. വെയില്‍ കൊള്ളുന്നു. രാവിന്റെ കറുപ്പില്‍ തേങ്ങിക്കരയുന്നു. പകലിന്റെ സൂര്യനെ ഒളിഞ്ഞു നോക്കുന്നു. എന്നെയറിഞ്ഞില്ലെങ്കിലും ഞാന്‍ എല്ലാമറിയുന്നു. എന്നെ കേട്ടില്ലെങ്കിലും എല്ലാം കേള്‍ക്കുന്നു. മഴേ, നീയുമെന്നെ കേള്‍ക്കാതെ പോവുകയാണോ? നിന്നെപ്പോലെ പെയ്യാന്‍ എന്നില്‍ കണ്ണീരില്ലാതെ പോയല്ലോ..!!"

    എന്തു പറയണമെന്നറിയാതെ മഴ മൌനിയായി. ഒറ്റപ്പെട്ടു പോയവരാണ് ഈ നഗരത്തിലധികവും. ഇവിടം കാണാന്‍ വരുന്നവര്‍ പോലും. വെയിലും തണലും. നിഴലും നിലാവും. നിശബ്ധമായിപ്പോയ ഈ റേഡിയോ പോലും. തിരിഞ്ഞു നോക്കാനാകാതെ മണിമാളികയുടെ ഇറയത്തുനിന്നും മഴ പതിയെ തെരുവിലേക്കിറങ്ങി.

     അവസാനത്തെ മഴനൂലു കൂടി മണ്ണിലൊളിപ്പിക്കുന്നേരമാണ് മഴയാ കാഴ്ച കണ്ടത്. പെയ്തു തുടങ്ങിയപ്പോള്‍ തന്നെനോക്കി കൊഞ്ഞനം കുത്തി പീടികത്തിണ്ണയിലേക്ക്  ഒതുങ്ങി നിന്നവര്‍ തലയ്ക്കു മുകളില്‍ കൈവെച്ചു ഇറങ്ങിനടന്നു പോകുന്നു. 'നശിച്ച മഴ' യെന്നു പറഞ്ഞു ചിലര്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. സൂക്ഷിച്ചു നോക്കിയ മഴ അറിയാതെ മിന്നലെറിഞ്ഞു പോയി. ആ മനുഷ്യര്‍ക്കാര്‍ക്കും ചെവികളില്ലായിരുന്നു. തന്നെയുമല്ല. ചെവികളുടെ സ്ഥാനത്ത് രണ്ടു നീളന്‍ നാക്കുകള്‍ മുളച്ചു വന്നിരിക്കുന്നു. പല സ്റ്റേഷനുകളിലേക്ക് തിരിച്ചു വെച്ച റേഡിയോകള്‍..

18 comments:

Harinath said...

"ചെവികളുടെ സ്ഥാനത്ത് രണ്ടു നീളന്‍ നാക്കുകള്‍ മുളച്ചു വന്നിരിക്കുന്നു." വളരെ അർത്ഥവത്തായ വാചകം.
"ഒരു വീട്ടിലെന്തിനാ രണ്ടു റേഡിയോ?" വീട്ടിലുള്ളവരെല്ലാം റേഡയോ ആയാൽ റേഡിയോയെ കേൾക്കാൻ ആരാണുള്ളത് അല്ലേ?
ഏതായാലും റേഡിയോയെ ഞാൻ ഉപേക്ഷിക്കുന്നില്ല.

Akbar said...

ഒരു വീട്ടിലെന്തിനാ രണ്ടു റേഡിയോ?

ajith said...

മഴയും റേഡിയോയുമൊക്കെ സങ്കടം പറയുന്നല്ലോ

Jefu Jailaf said...

കേൾക്കാൻ ചെവിയില്ലെങ്കിൽ പിന്നെന്തിന്‌ റേഡിയോ.. നന്നായിരിക്കുന്നു

കൊമ്പന്‍ said...

ആസ്വദിച്ചു വായിച്ചു കാലം വരുത്തിയ മാറ്റമോ? കാലത്തിനു കൈവന്ന മാറ്റമോ? എന്തോ

ഷാജു അത്താണിക്കല്‍ said...

ആധുനികതയിലെ മാറ്റങ്ങൾ അതിൽ ചിലരുടെ വേദനകൾ പലരും കാണുനില്ല, വികാരമായ സമ്പന്ന ജീവിതത്തിൽ മറ്റൊരാൾ അരായലെന്ത്

ചിലതൊക്കെ പറയാതെ പറഞ്ഞു

പട്ടേപ്പാടം റാംജി said...
This comment has been removed by the author.
പട്ടേപ്പാടം റാംജി said...

ചെവികളുടെ സ്ഥാനത്ത് രണ്ടു നീളന്‍ നാക്കുകള്‍ മുളച്ചു വന്നിരിക്കുന്നു.

കുറിക്കു കൊള്ളുന്ന വാചകങ്ങള്‍ നിറഞ്ഞ നല്ലൊരു കഥ.

ഫൈസല്‍ ബാബു said...

മോന്‍സ്‌ ഇത്തവണ അല്പം ഗൃഹാതുരത്വം നിറഞ്ഞ രചനയാണല്ലോ...ഇഷ്ട്ടമായി ഈ ചെറുകഥ ..

ഷാജി പരപ്പനാടൻ said...

ഇടമുറിയാതെ പെയ്യുന്ന മഴ പോലെ..വാക്കുകളുടെ ഒഴുക്ക് മനോഹരമായി തോന്നി. മോന്‍സ് ആശംസകള്‍

faizal said...
This comment has been removed by the author.
faizal said...

മോന്‍സിന്റെ മഴ നനയുന്ന റേഡിയോ ഒരുപാട് ഇഷ്ട്ടമായ്‌...,,,,,

ഇലഞ്ഞിപൂക്കള്‍ said...

നല്ല കഥ,നന്നായി പറഞ്ഞു.

സമീറ നസീര്‍ said...

മഴേ, നീയും കൂടിയിപ്പോ അവരുടെ ഭാഗത്തായല്ലേ? അല്ലെങ്കിലും നിനക്ക് മണ്ണിന്റെ ദാഹം മാത്രമേ അറിയൂ. പക്ഷെ ഞാനോ? നിന്നെ നനയുന്നു. വെയില്‍ കൊള്ളുന്നു. രാവിന്റെ കറുപ്പില്‍ തേങ്ങിക്കരയുന്നു. പകലിന്റെ സൂര്യനെ ഒളിഞ്ഞു നോക്കുന്നു. എന്നെയറിഞ്ഞില്ലെങ്കിലും ഞാന്‍ എല്ലാമറിയുന്നു. എന്നെ കേട്ടില്ലെങ്കിലും എല്ലാം കേള്‍ക്കുന്നു. മഴേ, നീയുമെന്നെ കേള്‍ക്കാതെ പോവുകയാണോ? നിന്നെപ്പോലെ പെയ്യാന്‍ എന്നില്‍ കണ്ണീരില്ലാതെ പോയല്ലോ..!!"
നല്ല കഥ .............ഒരു പാടിഷ്ടായി .....എല്ലാ ആശംസകളും ...........

Pradeep Kumar said...

വിദഗ്ദമായി എഴുതിയ കഥ എന്നാണ് ഞാന്‍ പറയുക.

ഭാഷയുടെയും പ്രയോഗങ്ങളുടെയും കാര്യത്തില്‍ അസാധാരണമായ കൈയ്യടക്കമാണ് മോന്‍സ് ഇവിടെ പ്രകടിപ്പിക്കുന്നത്.സിംബോളിക് രചനകളുടെ സന്തത സഹചാരിയായ അതിഭാവുകത്വം ഇവിടെ കടന്നു വരാതെ കഥയെ ഉദ്ദേശിച്ച ചാനലിലൂടെ കൊണ്ടുപോയ വിരുതിനെ അഭിനന്ദിക്കാതെ വയ്യ.

ഉമ്മു അമ്മാര്‍ said...

അതെ എല്ല്ലരും പറഞ്ഞ പോലെ പറയാതെ പറഞ്ഞ ഒരു കഥ...വളരെ ഇഷ്ട്ടമായി.........ആശംസകള്‍........

ഷൈജു.എ.എച്ച് said...

കൊള്ളാം കേട്ടോ മഴ നനഞ്ഞ റേഡിയോ..
ജാടയോന്നും ഇല്ലാത്ത വളരെ രസകരമായി കാര്യങ്ങള്‍ പറഞ്ഞു..
നല്ല ശൈലി..നല്ല എഴുത്ത്...
അഭിനന്ദനങ്ങള്‍ ...

www.ettavattam.blogspot.com

Anonymous said...

Nice work.
welcome to my blog

blosomdreams.blogspot.com
comment,follow and support me

Post a Comment

ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?