Pages

Thursday 24 November 2011

ഇതെന്റെ മനസ്സാണ്









യാ അല്ലാഹ്! 
വെയിലത്ത്‌ തണലിനേക്കാളും 
മഴയത്ത് കുളിരിനേക്കാളും 
രാത്രിയില്‍ നിലാവിനേക്കാളും 
ഇവയെല്ലാം സൃഷ്ടിച്ച നിന്നെ
സ്നേഹിക്കുന്ന ഒരു മനസ്സാണിത്... 

ഓരോ ശ്വാസത്തിനും നെടുവീര്‍പ്പിനുമിടക്ക് 
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം നീട്ടിത്തരുന്ന
നിന്നെയല്ലാതെ ഞാനാരെ സ്നേഹിക്കാന്‍? 

എനിക്കും നിനക്കുമിടയില്‍ അകലമേറെയെന്ന്‍ 
എപ്പോഴും പറയാറുണ്ടെങ്കിലും  എനിക്കറിയാം
നീയൊരടി പോലും നീങ്ങിയിട്ടില്ലെന്നും 
നിന്നില്‍ നിന്നകന്നു പോയത്
ഈ പാപിയാണെന്നും...

ചുമലുകളില്‍ ഇന്നു ഞാനനുഭവിക്കുന്ന ഭാരം 
ജീവിതത്തിന്റേതു മാത്രമല്ലെന്നറിയാം 
എന്നെക്കാളുയരത്തില്‍ കുമിഞ്ഞുകൂടിയ 
എന്റെ പാപങ്ങളുടേതു കൂടിയാണ്...

പകലുദിച്ചസ്തമിക്കുന്ന സൂര്യന്റെ ശോഭയും 
രാത്രിയില്‍ പെയ്തിറങ്ങുന്ന വെണ്ണിലാവിന്റെ പ്രഭയും 
നിന്റെ തേജസ്സാണെന്നറിയാമെങ്കിലും 
അതില്‍ നിന്നൊരു നന്മയുടെ വെളിച്ചവും കാത്ത് 
ഈ അപരാധിയുടെ മനസ്സിന്റെ കിളിവാതില്‍ 
എന്നും മലര്‍ക്കെ തുറന്നിട്ടോട്ടെ ഞാന്‍?... 

നോവിന്റെ തേങ്ങല്‍ അകലെയില്ലാതാകുന്നതും കാത്ത് 
ഞാനിന്നും ഈ കണ്ണീരിന്റെ കടവത്ത് ഒറ്റക്കിരിപ്പാണ്.. 
നേരിന്റെ വഴികളുടെ അറ്റത്ത്‌ ഞാനെത്തിച്ചേരുമ്പോള്‍ 
കാരുണ്യത്തിന്റെ ഇഴകളാല്‍ തുന്നിയ ഒരു തൂവാലയെങ്കിലും 
എനിക്കായ് നീ കരുതിവെച്ചിട്ടുണ്ടാകില്ലേ? ..

യാ അല്ലാഹ്! 
ഇതെന്റെ മനസ്സാണ്, 
എന്റെ പ്രാര്‍ഥനയും..!! 
___________________ മോന്‍സ്