Pages

Friday, 23 November 2012

എന്‍റെ വീട്


പോസ്റ്റുമാനു മാത്രം
മനസ്സിലാകുന്ന
വിലാസമാ
യിരുന്നു
എന്‍റെ വീട്...

നേരം കെട്ട നേരത്ത്
ഉമ്മറത്തേക്കയാള്‍
എറിഞ്ഞിട്ടു പോയത്
ജപ്തിക്കടലാസാണ്...

അന്നേരം,
നേര്‍ത്ത്‌ നേര്‍ത്ത്‌
നിറംകെട്ടു പോയത്
നിലാപൂവിതള്‍ പോലുള്ള
അമ്മയുടെ പുഞ്ചിരിയാണ്..

ചുമച്ച് ചുമച്ചു
കഫം നിറഞ്ഞ നെഞ്ചില്‍
വല്ലാതെ പിടച്ചത്
അച്ഛന്‍റെ
ഹൃദയമാണ്...

ജനാലക്കമ്പിയില്‍
കണ്ണീര്‍വല നെയ്തത്
മംഗല്യം കിനാവ്‌ കണ്ട
പെങ്ങളുടെ കണ്ണുകളാണ്..

കവിതയൂതി അടുപ്പിലിട്ടാല്‍
ചോറാവില്ലെന്നമ്മ പറഞ്ഞത്
ജീവിതം വരികളാക്കിയിരുന്ന
എന്നോട് തന്നെയാണ്...

ആ ഒരറ്റ രാത്രി
ഇരുണ്ടു വെളുത്തപ്പോള്‍
എല്ലാവരുമറിയുന്ന
വിലാസമായിപ്പോയിരുന്നു
എന്‍റെ വീട്...

അച്ഛന്‍ തൂങ്ങിയ മാവും
അമ്മയും അനിയത്തിയും
വിഷം ചിന്തിയ അടുക്കളയും
ഇന്നത്തെ പത്രവരികളാണ്..

നോവുന്ന കനലുകളും
വേവുന്ന ചിന്തകളുമായി
കാടുകയറാന്‍ പോയതിനാല്‍
ഞാനുമെന്‍ കവിതകളും
പിന്നെയും ബാക്കിയായതാണ്...

"ഉള്ളവന്‍റെ പരിമിതിയെന്നും
ഉയരങ്ങളിലെ ആകാശമാണ്
ഇല്ലാത്തവന്‍റെ പരിധിയിന്നും
ഈ പാതാളത്താഴ്ച്ചയുമാണ്.."
___________________© മോന്‍സ്


Sunday, 18 March 2012

മഴ നനയുന്ന റേഡിയോ


 പുതുമണ്ണിന്‍ ഗന്ധമൂറും ഇടവഴികളിലും നെല്‍ക്കതിരുകള്‍ തലയാട്ടിക്കളിക്കുന്ന പുഞ്ചപ്പാടങ്ങളിലും പെയ്തൊഴിയാമെന്നു കരുതിയാണ് മഴ മേലെ മുകിലിന്റെ മടിയില്‍ നിന്നും ഊര്‍ന്നിറങ്ങിയത്. പക്ഷെ, ചൂളമടിച്ചു വന്ന തെമ്മാടിക്കാറ്റ്  കൊണ്ടുപോയത് നഗരത്തിലേക്കായിരുന്നു. ഇവിടെയുള്ളവര്‍ക്ക് മഴയെ വെറുപ്പാണത്രേ. പെയ്യാന്‍ മഴക്കും. എത്തിച്ചേരുന്നിടത്ത് കാത്തിരിക്കാന്‍ ആരുമില്ലെങ്കില്‍ പിന്നെ യാത്രകളെങ്ങിനെ സഫലമാകും?. നിര്‍വികാരതയുടെ തെരുവീഥിയിലും തിരക്കിട്ടോടുന്നവരുടെ അസ്വസ്ഥതയിലും ചെരിഞ്ഞു പെയ്യുകയെന്നാല്‍ അസഹ്യമാണ്.
   
     തലതല്ലി കരയുന്ന മഴയെ കണ്ടു മണ്ണ് പുഞ്ചിരിച്ചു. ഇളം വെയിലില്‍ മഴവില്ല് വിരിഞ്ഞു. ആകാശം മോണകാട്ടി ചിരിച്ചു. അകമ്പടിയായെത്തിയത് ഒരു നേര്‍ത്ത തേങ്ങലിന്റെ വിഷാദരാഗം. ഈ തുള്ളിമഴയത്തും ആരാണിങ്ങനെ ശബ്ദം താഴ്ത്തിക്കരയുന്നത്?
"മഴേ, നീ കാണുന്നില്ലേ എന്നെ?" 

     ചോദ്യം സ്വാര്‍ത്ഥതയുടെ ഇരുനില മാളികക്കരികെ നിന്നാണ്. മണ്ണോടു പറ്റിച്ചേര്‍ന്നു കിടക്കുന്ന ഒരു കറുത്ത റേഡിയോ. ആരോ അലക്ഷ്യമായി വലിച്ചെറിഞ്ഞതാകാം. ആ കിടപ്പ് കണ്ടു മഴ സങ്കടപ്പെട്ടു. തണുത്ത വിറച്ചു റേഡിയോയുടെ ചുണ്ടുകള്‍ വിതുമ്പുകയാണ്. 

"ഗ്രാമത്തിലുള്ള വീട്ടുകാര്‍ക്കൊപ്പം ഇങ്ങോട്ട് പോരുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. കൂട്ടത്തില്‍ കൊച്ചമ്മക്കായിരുന്നു എന്നെയേറെയിഷ്ടം. പക്ഷെ പൊങ്ങച്ചത്തിന്റെ മനസ്സ് പതിയെ എന്നെ അവരുടെ കണ്ണിലെ കരടാക്കി. കുറച്ചു ദിവസം മുന്നേ, ആ കൈകള്‍ തന്നെയാണ് ജാലകവാതിലൂടെ ഈ കുപ്പത്തൊട്ടിയിലേക്കെന്നെ എടുത്തെറിഞ്ഞത്."  
          
     റേഡിയോയുടെ നിലവിളി പുറത്തേക്കു വരുന്നില്ല. പൂമുഖത്ത് നിന്നും ഉറക്കെ സംസാരിക്കുന്നുണ്ടായിരുന്നു ആ കൊച്ചമ്മ. മഴയെക്കാളും ശബ്ദത്തില്‍ തിമിര്‍ത്തു പെയ്യുന്നുണ്ട് അവരുടെ വാചാലത. 

"ഹാ, അവരെയും കുറ്റം പറയാനാകില്ല. ഒരു വീട്ടിലെന്തിനാ രണ്ടു റേഡിയോ?" 

     സഹതാപത്തോടെ മഴ നെടുവീര്‍പ്പിട്ടു. 

"മഴേ, നീയും കൂടിയിപ്പോ അവരുടെ ഭാഗത്തായല്ലേ? അല്ലെങ്കിലും നിനക്ക് മണ്ണിന്റെ ദാഹം മാത്രമേ അറിയൂ. പക്ഷെ ഞാനോ? നിന്നെ നനയുന്നു. വെയില്‍ കൊള്ളുന്നു. രാവിന്റെ കറുപ്പില്‍ തേങ്ങിക്കരയുന്നു. പകലിന്റെ സൂര്യനെ ഒളിഞ്ഞു നോക്കുന്നു. എന്നെയറിഞ്ഞില്ലെങ്കിലും ഞാന്‍ എല്ലാമറിയുന്നു. എന്നെ കേട്ടില്ലെങ്കിലും എല്ലാം കേള്‍ക്കുന്നു. മഴേ, നീയുമെന്നെ കേള്‍ക്കാതെ പോവുകയാണോ? നിന്നെപ്പോലെ പെയ്യാന്‍ എന്നില്‍ കണ്ണീരില്ലാതെ പോയല്ലോ..!!"

    എന്തു പറയണമെന്നറിയാതെ മഴ മൌനിയായി. ഒറ്റപ്പെട്ടു പോയവരാണ് ഈ നഗരത്തിലധികവും. ഇവിടം കാണാന്‍ വരുന്നവര്‍ പോലും. വെയിലും തണലും. നിഴലും നിലാവും. നിശബ്ധമായിപ്പോയ ഈ റേഡിയോ പോലും. തിരിഞ്ഞു നോക്കാനാകാതെ മണിമാളികയുടെ ഇറയത്തുനിന്നും മഴ പതിയെ തെരുവിലേക്കിറങ്ങി.

     അവസാനത്തെ മഴനൂലു കൂടി മണ്ണിലൊളിപ്പിക്കുന്നേരമാണ് മഴയാ കാഴ്ച കണ്ടത്. പെയ്തു തുടങ്ങിയപ്പോള്‍ തന്നെനോക്കി കൊഞ്ഞനം കുത്തി പീടികത്തിണ്ണയിലേക്ക്  ഒതുങ്ങി നിന്നവര്‍ തലയ്ക്കു മുകളില്‍ കൈവെച്ചു ഇറങ്ങിനടന്നു പോകുന്നു. 'നശിച്ച മഴ' യെന്നു പറഞ്ഞു ചിലര്‍ വാഹനം സ്റ്റാര്‍ട്ട്‌ ചെയ്യുന്നു. സൂക്ഷിച്ചു നോക്കിയ മഴ അറിയാതെ മിന്നലെറിഞ്ഞു പോയി. ആ മനുഷ്യര്‍ക്കാര്‍ക്കും ചെവികളില്ലായിരുന്നു. തന്നെയുമല്ല. ചെവികളുടെ സ്ഥാനത്ത് രണ്ടു നീളന്‍ നാക്കുകള്‍ മുളച്ചു വന്നിരിക്കുന്നു. പല സ്റ്റേഷനുകളിലേക്ക് തിരിച്ചു വെച്ച റേഡിയോകള്‍..

Thursday, 12 January 2012

പെങ്ങളറിയാന്‍

നിറമേഴും ചാലിച്ചെഴുതിയ വെണ്ണിലാവല്ലെങ്കിലും
കാപാലികരുടെ കാമക്കണ്ണുകള്‍ നിന്നെ തേടിയെത്തും..
കൊള്ളരുതായ്മകളുടെ തിക്കും തിരക്കുമാണ് ചുറ്റിനും
തുറിച്ച നോട്ടങ്ങളുടെ തെറിച്ച വഴികളാണെങ്ങും..

മതിലുകള്‍ക്കപ്പുറത്തുയര്‍ന്നു കേള്‍ക്കും ബഹളങ്ങള്‍
പെണ്ണുടലിനും മാനത്തിനും വിലപേശുന്നതിന്റെയാണ്
സ്വപ്നക്കൂടുകള്‍ തുറന്നിടുമ്പോഴും വലിച്ചടക്കാന്‍ മറക്കരുത്
അസ്ഥിരതയുടെ തെരുവിലേക്ക് തുറന്നിട്ട ജനാലകള്‍..

തിരിച്ചറിയുക കപടതയുടെ പൊയ് മുഖങ്ങളെ
വലിച്ചെറിയുക കൗമാര പ്രണയ ചാപല്യങ്ങളെ
നിഷ്കളങ്കമാം മനസ്സ് പോലുമൊരു ദൌര്‍ബല്യമാകവെ
തെറ്റിന്റെ മാതാവെന്നും സാഹചര്യമാണെന്നോര്‍ക്കണം..

മിസ്സ്‌ കോളുകള്‍ ഉറക്കം കെടുത്തി തുടങ്ങുമ്പോള്‍ 
മിസ്സിംഗ്‌ കോളത്തിലെ മുഖങ്ങളോ
ര്‍മയില്‍ തെളിയണം..
കടലോളം കണ്ണീരുണ്ട് നിന്‍ മിഴികളിലെങ്കിലും
കരയോളം കട്ടിയില്ല ആ മനസ്സിനെന്നോര്‍ക്കണം ..

ഇളം കാറ്റേറ്റു വാടിടും തൊട്ടാവാടിയാകാതെ
ഇരുട്ടിന്‍ കരങ്ങളെ തിരിച്ചറിയാന്‍ കഴിയണം

കൂര്‍ത്ത മുള്ളുകളുടെ കാവലില്‍ നിലനില്പ്പ് തേടും
വെറുമൊരു തളിരിലയാണ് നീയെന്നുമോര്‍ക്കണം..

കുലംകുത്തിയൊലിച്ചുവരും മൂല്യച്യുതിയുടെ അറ്റത്ത്‌
ഒരു കാഴ്ചക്കാരിയായി പോലും നില്‍ക്കാതിരിക്കുക
കെട്ട മന:സാക്ഷിയുടെ നീര്‍ച്ചുഴിതന്‍ ആഴങ്ങളില്‍
നഷ്ടപ്പെട്ടുപോകും നിന്റെ മനസ്സും ശരീരവും..

ഇരുട്ടിന്റെ കട്ടിയെ മാത്രമല്ല
ഭയക്കണം പകലിന്റെ വെളിച്ചത്തെയും..
കണ്ണടച്ച് വിശ്വസിക്കരുതാരെയും
ഈ പറയുന്ന ആങ്ങളയെപ്പോലും..
കുടിച്ച വെള്ളതിലെന്നല്ല
പകര്‍ന്നു തരും സ്നേഹത്തില്‍ പോലും..

______________________© മോന്‍സ്

(കവിതക്കനുയോജ്യമായ ചിത്രം വരച്ചു തന്ന ആര്‍ടിസ്റ്റ് ഉണ്ണിയേട്ടന്
വാക്കുകളിലും വരികളിലും ഒതുക്കാനാകാത്ത നന്ദി...)