Pages

Sunday, 17 July 2011

ഈ പാത ഇവിടെ തീരുന്നു


[ ഉദയം ]

ചുവപ്പുമുറ്റിയകൈകള്‍ രണ്ടും
ഇറുകെപിടിച്ചാണ് പിറന്നുവീണത്..
ആദ്യകാലടികള്‍ മണ്ണിലുറച്ചപ്പോള്‍
കുഞ്ഞു കരങ്ങള്‍ അമര്‍ന്നിരുന്നത് 
അമ്മയുടെ സാരിത്തുംബിലും
അച്ഛന്റെ ചൂണ്ടു വിരലിലും...
വഴിയേറെ പോകാനുണ്ടെന്ന് അച്ഛനും
നല്ല വഴിയെ പോവണമെന്ന് അമ്മയും
കുഞ്ഞുകാതുകളില്‍ ഓതിതന്നിരുന്നു...

പതിയ പതിയെ നടന്നു തുടങ്ങീ ഞാനീ വഴിയില്‍
വസന്തവും ശിശിരവും ശൈത്യവും ഹേമന്തവും
ചിരിപ്പിച്ചും കരയിപ്പിച്ചും നുള്ളിയും പിച്ചിയും
കൂടെ തന്നെയുണ്ടായിരുന്നു...

 
മധ്യാഹ്നം ]

ചോരത്തിളപ്പിന്റെ കൌമാരത്തില്‍
കലാലയവൃക്ഷത്തിന്റെ  തണലിലേക്ക്
പൊള്ളുന്ന യൌവനത്തിന്റെ നേര് വെയിലെറിഞ്ഞു...

വലംകയ്യില്‍ നല്ലപാതിയുടെ ഇടംകൈ ചേര്‍ത്ത്
അച്ഛനുമമ്മയും മാറിനിന്നനേരം
"പ്രാരാബ്ധം" ; ഒരു പുതിയ വാക്ക് കൂടി
ജീവിതത്തിന്റെ നിഖണ്ടുവിലേക്ക്...
"കെട്ട്യോളും കുട്ട്യോളും ആയി
ഇനി ഒരു തട്ടാനെ കൂടി കിട്ടണം"
പുതുക്കിയ ചുവര്‍ ചിത്രത്തില്‍ നിന്നും
അച്ഛനുമമ്മയും പതിയെ മാഞ്ഞുപോയി...
 
[  സായാഹ്നം  ]
 
വൃദ്ധസദനത്തില്‍ നിന്നിറങ്ങി നടന്നത്
കണ്‍മുന്നില്‍ തെളിഞ്ഞ വഴിയെ തന്നെ...
"ഈ വഴി എവിടെക്കുള്ളതാ മോനെ?"
വഴിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന
കൊച്ചു പയ്യന്‍ അരികെ വന്നു
"ഈ വഴി ഇവിടെ തീരുന്നു മുത്തശ്ശാ"..

 
മുന്നിലെ വഴി ഇരുണ്ടു പോയിരിക്കുന്നു
പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍
താഴെ വീണുകിടക്കുന്ന കരിയിലകള്‍ക്ക്
പണ്ടു കണ്ട സ്വപ്നങ്ങളുമായി നല്ല സാമ്യം...
മേലെ ഇലപൊഴിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ക്ക്
ഭയാനകമായ ഒറ്റപ്പെടലിന്റെ ശൂന്യത...
പാതയോരത്തെ മണ്ണില്‍ ലയിച്ചു കിടക്കുന്ന
രാത്രിമഴതന്‍  നനവിന്റെ ആഴങ്ങളി
​ല്‍ നിന്ന്
ഒരു പുതുനാമ്പ് കിളിര്‍ത്തു നില്‍ക്കുന്നു..
ആര്ദ്രമായാല്‍ വിടരാത്ത മൊട്ടുക​ളുണ്ടോ?
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
പക്ഷെ, നിത്യവും നിര്‍ഗളമൊഴുകിവരുന്ന
ഉപ്പുരുചിയുടെ കണ്ണീര്‍ചാലുണ്ടാ​യിട്ടും   
ഈ മനസ്സുമാത്രമെന്തേ ഇങ്ങനെ?

എല്ലാമടക്കിപ്പിടിച്ചവന്റെ അവസാ​ന വിലാപം
"തനിച്ചാവുകയെന്നാല്‍ മരണമല്ലേ...?"

----------------------- (മോന്‍സ് )

Saturday, 2 July 2011

അസ്തമയങ്ങള്‍


 

"എനിക്കും നിനക്കുമിടയിലിന്നു
അനന്തമാം കടലിന്റെ ദൂരമുണ്ടെങ്കിലും
തമ്മില്‍ കാണാന്‍ കൊതിയാവുമ്പോഴൊക്കെ
അക്കരെയിക്കരെ നിന്ന്  നമുക്ക്
മേലെ ആകാശത്തിലേക്ക് നോക്കാം
നാം കാണുന്നത് ഒരേ ആകാശം
നമുക്കുള്ളത് ഒരേ മനസ്സും.. "

കാര്‍മുകിലുകളില്ലാത്ത, സ്വച്ഛന്ദമായ
തെളിവാനത്തിന്റെ നീല നിറമാണ്
പ്രണയത്തിനെന്നു  അന്ന് ഞാന്‍ പറഞ്ഞത്
നമുക്കിടയിലെ അകലം അതിരിടുന്നത്
അതിരുകളില്ലാത്ത ആകാശമാണെന്നതിലായിരുന്നു...
അന്നേരം, പക്ഷെ; പ്രണയത്തിന്
നല്ല ഓറഞ്ചു നിറമാണെന്ന്  നീ തിരുത്തി
കാരണം നീ പറഞ്ഞില്ല ; ഞാന്‍ ചോദിച്ചതുമില്ല
അനുഭവിച്ചറിയാനുള്ളത്  ചോദിച്ചറിയാന്‍
മറന്നു പോവുന്നു നാം പലപ്പോഴും..

നീ പറഞ്ഞതു മാത്രമായിരുന്നു സത്യം
അവസാന നിമിഷം വരെ വെളിച്ചം വിതറി
നോക്കിനോക്കി നില്‍ക്കെ  ഇരുട്ടിന്റെ ശൂന്യതയിലേക്ക്
താഴ്ന്നുപോയ അസ്തമയ സൂര്യനും
മോഹസ്വപ്നസങ്കല്‍പ്പങ്ങളുടെ മണിമാളികകെട്ടി
വെണ്ണിലാവിന്റെ ചിറകിലൊതുങ്ങി നിന്ന്
നിനക്കാത്ത നേരത്ത് കൈവീശിയകന്നുപോയ
നമ്മുടെ പ്രണയത്തിനും
ഒരേ നിറമായിരുന്നു; നീ പറഞ്ഞ ഓറഞ്ചുനിറം..
പ്രണയമെന്നാല്‍ ഉദിച്ചസ്തമിക്കലാണ് , അല്ലെ?

നമ്മള്‍ കൊതിച്ചു പോയത്
തുള്ളിതുള്ളി പെയ്യുന്ന മഴയത്തു
ഒന്ന് ചേര്‍ന്ന് നടക്കാന്‍ മാത്രം...
മഴയെത്തിയത് പക്ഷെ, ഒറ്റക്കല്ലായിരുന്നു
വിധിയുടെ കൊടുങ്കാറ്റു വീശി
മോഹഭംഗത്തിന്റെ പേമാരിയില്‍
ആശകള്‍ കുലംകുത്തിഴൊയുകിയപ്പോള്‍
കരയിലെ കെട്ടഴിഞ്ഞു
രണ്ടു ദിക്കിലേക്ക് അകന്നകന്നു പോയ
രണ്ടു കൊതുമ്പു വള്ളങ്ങള്‍ മാത്രമായിപ്പോയി നാം...

നീ അകന്നുപോയപ്പോയാണ്
എന്റെ കിനാവില്‍ തങ്ങിനിന്നിരുന്ന
നിന്റെ മൗനം എന്നോട് വാചാലമായത്..
നീ പാതികണ്ടു വഴിലുപേക്ഷിച്ച
നമ്മുടെ നിലാസ്വപ്‌നങ്ങള്‍
ചോദ്യചിഹ്നങ്ങളായി കണ്മുന്നില്‍ നിറഞ്ഞാടിയത്...

ഹൃദയ രക്തത്തിന്റെ ചുവപ്പായിരുന്നു
നീ മൊഴിഞ്ഞ വാക്കുകള്‍ക്ക്
മനസ്സിന്റെ കോണിലെവിടെയോ
അള്ളിപ്പിടിച്ചിരുന്ന ആ മൊഴികള്‍
ഇന്നിന്റെ സായംസന്ധ്യകളില്‍
നേര്‍ത്തു നേര്‍ത്തു നിറമില്ലാതായി
കണ്ണില്‍ നിന്ന് താഴേക്കു ചാലിട്ടൊഴുകാറുണ്ട്
പിന്നെയും ബാക്കിയാവുന്നവ
കറുപ്പ് നിറം തൂകി ഉതിര്‍ന്നു വീഴുന്നു
ഈ തൂലികത്തുമ്പിലേക്ക്.. ഇന്നും...

ഒരിക്കല്‍ നമ്മുടേത്‌ മാത്രമായിരുന്നു
ഒന്നും മനസ്സില്‍ നീ അവശേഷിപ്പിക്കരുത്
എന്റെ ഓര്‍മ്മകള്‍ പോലും..
നാളെ എന്റെ കല്ലറക്കരികില്‍ വന്നു
നിന്റെയൊരു തുള്ളി കണ്ണീര്‍ പോലും
ആറടി മണ്ണിനു മുകളില്‍ വീഴരുത്...
ചിലപ്പോള്‍ ആ കണ്ണീരിന്റെ നനവില്‍ നിന്നും
ഏതെങ്കിലും പുല്‍നാമ്പ് കിളിര്ത്തുപോയാല്‍
സഫലീകരിക്കനാവാതെ പോയ നമ്മുടെ പ്രണയം
ആ പച്ചപ്പില്‍ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞേക്കാം...
പ്രണയം ഒരു കടംകഥ മാത്രമാണെന്ന്
വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞേക്കാം....

ഓര്‍മയുടെ മുന്നില്‍ മറവി തോറ്റുപോവുന്നു
ഈ പ്രണയത്തിന്റെ മുന്നില്‍ ഞാനും..
----------------------- (മോന്‍സ്)

പിന്‍കുറിപ്പ്:
("പ്രണയം ലോകത്തിന്റെ അച്ചുതണ്ടാണ്..
ജീവ വായുവാണ്..എല്ലാമെല്ലാമാണ്"
ഇന്നലത്തെ മരംചുറ്റികളിക്കിടക്ക്
പുതിയ കാമുകിയുടെ ചെവിയില്‍
പതിയെ ഞാന്‍ മൊഴിഞ്ഞു.
"ചേട്ടാ, വല്ലതും തരണേ..
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി ചേട്ടാ..."
ഞാന്‍ കൊടുത്ത അഞ്ചു രൂപ വാങ്ങുന്നതിനിടയില്‍
സ്വര്‍ഗത്തിലെ കട്ടുറുമ്പും കൊണ്ട് വന്ന ഭിക്ഷാടകന്‍
"ഫ്രീ ആയി" ഒരു കവിത ചൊല്ലിതന്നു..
"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം...")