Pages

Wednesday, 30 March 2011

കാറ്റിനോട് പറയാനുള്ളത്

പ്രകാശം ഒഴുകിവന്ന കിളിവാതിലുകള്‍
കാറ്റേ നീ വലിച്ചടച്ചപ്പോള്‍
നിന്നെ കുറ്റം പറഞ്ഞില്ല ഞാന്‍..

മുനിഞ്ഞു കത്തുന്ന ചെറുതിരിയുടെ
അവസാന നാളം അണക്കാനല്ലേ
പലപ്പോഴും
ശൂന്യതയുടെ ശക്തി മുഴുവന്‍
ആവാഹിച്ചു നീയെത്തുന്നത്...

അക്ഷരങ്ങളൊഴിഞ്ഞു കിടന്ന

മനസ്സിന്‍റെ ഒരു കോണില്‍
തമസ്സിന്‍റെ  തൂവലുള്ള ഒരു പ്രാവ് കുറുകി
നിലാവിന്റെ സ്വച്ചന്തതയിലേക്ക്
മനസ്സിനെ സ്വതന്ത്രമാക്കാന്‍
കഴിവില്ലാത്തവന്റെ വ്യഥ
അതിനറിയില്ലല്ലോ...

ആത്മാവിന്റെ ഇറയത്ത്‌ ഇറ്റിവീണു
തണുത്തുറഞ്ഞു പോയിരുന്ന കിനാക്കള്‍ക്ക്
നീറുന്ന ഓര്‍മ്മകള്‍ തീ പിടിപ്പിച്ചപ്പോള്‍
അത് കെടുത്താനോ, ആളിക്കത്തിക്കാനോ
നിന്നെ കണ്ടില്ലല്ലോ ഞാന്‍

നാളെയിലേക്ക് കണ്ണ് നടാനാവാതെ
ഓര്‍മകളില്‍ മാത്രം ജീവിച്ചു
വര്‍ത്തമാനത്തിനു അതീതനായിപ്പോയവനെ
നിനക്ക് പുല്കാനാവുമെങ്കില്‍
ഇനി നിനക്ക് വരാം..

നിന്റെ ഹുങ്കാരത്തിന് വഴങ്ങിതരും
എന്റെ നിശബ്ധത..
നിഴലിനെ പേടിച്ചു ഒതുങ്ങിനില്‍ക്കുന്ന
നുറുങ്ങുവെട്ടം പോലെ..

എന്റെ വാക്കുകളെ പോലും നെഴ്തെടുക്കുന്നത്
നീ തന്നെയാകുമ്പോള്‍

നിന്നെക്കുറിച്ചു
ഞാനെങ്ങനെ വാചാലനാകും...

എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....

--------------------------------- മോന്‍സ്

Monday, 14 March 2011

വിധിയുടെ യാത്രാമൊഴി


ജീവിതത്തിന്റെ വഴിത്താരയില്‍
മുന്നില്‍ വന്നുനിന്നു
വഴി തടഞ്ഞു വെല്ലുവിളിച്ചത്
വിധിയെന്ന ഒരാള്‍ മാത്രം...

നിനക്ക് വരയ്ക്കാത്തതാണ് 
ഇവിടെയധികമുള്ളതെന്ന് മന്ത്രിച്ച്‌
വിധി എനിക്ക് മുമ്പേ നടന്നു
എല്ലാം ആദ്യമേ വരച്ചുവെച്ച ദൈവത്തെ
മനസ്സാധ്യാനിച്ച്‌ ആ നിമിഷം...

സങ്കടം മനസ്സില്‍ കണ്ണീര്‍ മഴയായ്
തിമിര്‍ത്തു പെയ്യുമ്പോള്‍
ദൈവത്തിന്റെ കാതുകള്‍
കേള്‍ക്കാതെയായിപ്പോവുന്നതല്ല...

സന്തോഷം തിരതല്ലിയടിക്കുമ്പോള്‍
കൈകള്‍ രണ്ടും
ദൈവത്തിലെക്കുയരാന്‍
കൂട്ടാക്കത്തതാണ്  സങ്കടം...

അവധിയെത്തിയ ജീവനെ നോക്കി
മരണം കൊഞ്ചനം കുത്തികാണിക്കുംബോയും
ഇടക്കെപ്പോഴോ പാതിതുന്നി ഇട്ടേച്ചുപോയ
സ്വപ്നത്തിന്റെ ഒരു തൂവാലയെങ്കിലും
ബാക്കിയുണ്ടായിരുന്നെങ്കില്‍
എന്ന വ്യാമോഹം...

വിധിയില്‍ നിന്ന് ദൈവത്തിലേക്കും
കിനാവില്‍ നിന്ന് കണ്ണീരിലെക്കും
ഒരു പകല്‍ ദൂരം മാത്രം ‍
രാവണയുമ്പോള് നിഴല്‍ മാഞ്ഞുപോകും
വിധിയണയുമ്പോള്‍ നമ്മളും...

ഞാന്‍ മറഞ്ഞാല്‍
നിങ്ങള്‍ ഒരു മൂന്നുപിടി മണ്ണ്
എന്റെ ദേഹത്തേക്ക് എറിഞ്ഞെക്കണം
പകരം നിങ്ങള്‍ക്ക് ഞാന്‍
ഓര്‍മകളുടെ ഒരുപിടി വിത്തുകള്‍ തന്നേക്കാം
എവിടെ വിതച്ച്ചാലും
പുഞ്ചിരിയും കണ്ണീരും
ഒരുമിച്ചു കൊയ്യാവുന്ന വിത്തുകള്‍...

------------------------------------ മോന്‍സ്