Pages

Monday, 9 May 2011

അനര്‍ഹന്‍

  


          ഞാനെത്തുമ്പോള്‍ ദൂരെ എരിഞ്ഞടങ്ങുന്ന അസ്തമയത്തിലേക്ക് കണ്ണുംനട്ടിരിക്കയായിരുന്നു അച്ഛനുമമ്മയും. മാനേജര്‍ വിളിച്ചപ്പോള്‍ ഒഫ്ഫിസടക്കുന്നതിനെ മുമ്പേ എത്തിക്കോളാമെന്നു വാക്ക്കൊടുത്തതായിരുന്നു. ഭാഗ്യം. മാനേജര്‍ അവിടെത്തന്നെയുണ്ട്. അച്ഛന്റെ കണ്ണുകള്‍ വീണ്ടും കുയിഞ്ഞുവോ എന്നും അമ്മയുടെ കൃഷ്ണമണിയില്‍ ഇപ്പോഴും പഴയ നനവുണ്ടോ എന്നുമൊക്കെ നോക്കാന്‍ സമയമില്ലായിരുന്നു എനിക്ക്. വൃദ്ധസദനത്തിലെ ബാക്കിയുള്ള ഗഡുവും തീര്ത്തടച്ച് തിരിഞ്ഞു നടക്കുമ്പോള്‍ അച്ഛനുമമ്മയും വിളിച്ചത് ഒരേ സ്വരത്തിലായിരുന്നു.
"മോനേ...!!!"
          ആ വിളിയെന്റെ നെഞ്ചില്‍ കൊണ്ടോ? ഇല്ല... അപ്പോഴേക്കും "മോനേ" എന്ന വിളി കേള്‍ക്കാന്‍ താന്‍ അനര്‍ഹനായിത്തീര്‍ന്നിരുന്നല്ലോ!!
 
*********************
         ഇരുള്‍വീണു തുടങ്ങിയിരുന്ന റോഡിലെക്കെത്തിയതും നെഞ്ചിനുള്ളിലൊരു പിടച്ചില്‍. ആ സമയംതന്നെ കണ്‍മുന്നിലൂടെ വെപ്രാളത്തില്‍ എന്തോ ഒന്ന് ഓടിപ്പോവുന്നതും കണ്ടു. തമസ്സിന്റെ കട്ടിയിലേക്ക് പതിയെ കയറിപ്പോവുകയാണത്‌. ഇപ്പൊ കുറച്ചുകൂടെ വ്യക്തമായി കാണാം. അതിന് നാല് കാലുണ്ടായിരുന്നു. ഒരു വാലും. കൊമ്പുണ്ടോ എന്ന് മനസ്സിലാവുന്നില്ല.
         ഇടനെഞ്ചില്‍ വീണ്ടുമൊരു കൊള്ളിയാന്‍ മിന്നിയപ്പോയാണ് മറ്റൊരു സംശയം തോന്നിയത്. ഓടിപ്പോയത് മനസ്സാക്ഷിയാണോ?. തലപുകഞ്ഞു ചിന്തിക്കാന്‍ നോക്കിയപ്പോള്‍ തലച്ചോറിന്റെ സ്ഥാനത്തു വലിയ ഒരു ദ്വാരം മാത്രം. എന്നാലും... എന്നാലും എന്താവും ആ ഓടിപ്പോയത് ?
"മൃഗം"
         ആ ഇരുട്ടില്‍നിന്നൊരു വെളിച്ചം എന്നോട് പതിയെ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോ ഒരു മിന്നാമിനുങ്ങ്‌ എന്നെ വലംവെക്കാതെ പറന്നുപോയി. അര്‍ഹിക്കുന്ന വിളിപ്പേര് കിട്ടിയ സന്തോഷത്തോടെ എന്റെ ദേഹം വീണ്ടും ഇരുട്ടിലേക്ക് ഊളിയിട്ടു.
                                     ---------- (മോന്‍സ്)
(2011 June 26 ലെ സൌദിയില്‍ നിന്ന് പുറത്തിറങ്ങുന്ന
"മലയാളം ന്യൂസ്‌" പത്രത്തില്‍ വെളിച്ചം കണ്ടത്..")

Wednesday, 4 May 2011

പെയ്തോഴിയുന്നേരം


അബ്ബാദ്  ചെറൂപ്പ
  
പുറത്ത് ഒരു മഴക്കുള്ള കോളുണ്ടായിരുന്നു
വിതുമ്പലടക്കി നിന്ന ഞങ്ങളുടെ കണ്ണിലും...
"നിങ്ങള്‍ക്കെന്തു തോന്നുന്നു
പടിയിറങ്ങുമ്പോള്‍..?"
എന്റെ ചോദ്യത്തിനുത്തരം പറയാന്‍
ആയിരം നാവുണ്ടായിരുന്നു അവര്‍ക്ക്
എന്നിട്ടും... ആരും പറഞ്ഞില്ല.. ഒന്നും..
വെറുതെ ഒരു വാക്കില്‍
പറഞ്ഞു തീര്‍ക്കാന്‍ ആവുന്നതല്ലല്ലോ
ഒരു യുഗംപോല്‍ തീര്‍ന്നുപോയോരാ
കലാലയ സ്മരണകള്‍...

നിയോഗം പോലെ
വന്നു ചേര്‍ന്നവര്‍ നമ്മള്‍
നിറങ്ങളാടിയ സ്വപ്നലോകത്തു നിന്നും
കടുംപച്ചയായ ജീവിതത്തിലേക്ക്
അടിതെറ്റാതെ കയറിപ്പോവേണ്ടവര്‍ നമ്മള്‍

എല്ലാവരും വിതച്ചിട്ടുണ്ടിവിടെ
ഓര്‍മകളുടെ ഒരു തൈ
തനിച്ചാക്കരുതെ എന്ന് നിലവിളിച്ച ബെഞ്ചില്‍
ചങ്ങാത്തത്തിന്റെ ഒരു കയ്യൊപ്പ്..

ഇനിയും പറയാതെ പോയ വാക്കുകള്‍
സ്നേഹ നീരായി ഉറവകൊള്ളുമ്പോള്‍
നിര്‍വചിക്കാനാവാത്ത മോഹങ്ങളുമടക്കിപ്പിടിച്ചു 
ഇനി മടങ്ങാം.. അനിവാര്യമായ യാത്രയിലേക്ക്..
മറക്കാനാവാത്ത ഓര്‍മകളെ  മാത്രമാണോ
വിരഹം ഇത്രമേല്‍ ആര്ദ്രമാക്കുന്നത്?
കലാലയ ചുമരിലേക്കു തിരിഞ്ഞു നോക്കി
അപ്പോള്‍ പെഴ്തുതോര്‍ന്ന മഴയുടെ
കുളിര്‍മയിലെക്കിങ്ങിയപ്പോള്‍
അകലെ തെളിഞ്ഞ മഴവില്ലില്‍
എന്റെ ചോദ്യത്തിനുള്ള
ഉത്തരമുണ്ടായിരുന്നു...

(എന്റെ അനിയന്‍ അബ്ബാദ് എഴുതിയ ഒരു കവിത)