Pages

Thursday 24 November 2011

ഇതെന്റെ മനസ്സാണ്









യാ അല്ലാഹ്! 
വെയിലത്ത്‌ തണലിനേക്കാളും 
മഴയത്ത് കുളിരിനേക്കാളും 
രാത്രിയില്‍ നിലാവിനേക്കാളും 
ഇവയെല്ലാം സൃഷ്ടിച്ച നിന്നെ
സ്നേഹിക്കുന്ന ഒരു മനസ്സാണിത്... 

ഓരോ ശ്വാസത്തിനും നെടുവീര്‍പ്പിനുമിടക്ക് 
എന്റെ ആയുസ്സിന്റെ ദൈര്‍ഘ്യം നീട്ടിത്തരുന്ന
നിന്നെയല്ലാതെ ഞാനാരെ സ്നേഹിക്കാന്‍? 

എനിക്കും നിനക്കുമിടയില്‍ അകലമേറെയെന്ന്‍ 
എപ്പോഴും പറയാറുണ്ടെങ്കിലും  എനിക്കറിയാം
നീയൊരടി പോലും നീങ്ങിയിട്ടില്ലെന്നും 
നിന്നില്‍ നിന്നകന്നു പോയത്
ഈ പാപിയാണെന്നും...

ചുമലുകളില്‍ ഇന്നു ഞാനനുഭവിക്കുന്ന ഭാരം 
ജീവിതത്തിന്റേതു മാത്രമല്ലെന്നറിയാം 
എന്നെക്കാളുയരത്തില്‍ കുമിഞ്ഞുകൂടിയ 
എന്റെ പാപങ്ങളുടേതു കൂടിയാണ്...

പകലുദിച്ചസ്തമിക്കുന്ന സൂര്യന്റെ ശോഭയും 
രാത്രിയില്‍ പെയ്തിറങ്ങുന്ന വെണ്ണിലാവിന്റെ പ്രഭയും 
നിന്റെ തേജസ്സാണെന്നറിയാമെങ്കിലും 
അതില്‍ നിന്നൊരു നന്മയുടെ വെളിച്ചവും കാത്ത് 
ഈ അപരാധിയുടെ മനസ്സിന്റെ കിളിവാതില്‍ 
എന്നും മലര്‍ക്കെ തുറന്നിട്ടോട്ടെ ഞാന്‍?... 

നോവിന്റെ തേങ്ങല്‍ അകലെയില്ലാതാകുന്നതും കാത്ത് 
ഞാനിന്നും ഈ കണ്ണീരിന്റെ കടവത്ത് ഒറ്റക്കിരിപ്പാണ്.. 
നേരിന്റെ വഴികളുടെ അറ്റത്ത്‌ ഞാനെത്തിച്ചേരുമ്പോള്‍ 
കാരുണ്യത്തിന്റെ ഇഴകളാല്‍ തുന്നിയ ഒരു തൂവാലയെങ്കിലും 
എനിക്കായ് നീ കരുതിവെച്ചിട്ടുണ്ടാകില്ലേ? ..

യാ അല്ലാഹ്! 
ഇതെന്റെ മനസ്സാണ്, 
എന്റെ പ്രാര്‍ഥനയും..!! 
___________________ മോന്‍സ്

Thursday 22 September 2011

കിനാവിന്റെ അറ്റത്ത്‌

                    എയര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്കുള്ള യാത്രയിലാണ്. ഉമ്മയും ഉപ്പയും പെങ്ങളും അനിയന്മാരും അമ്മാവനും കുട്ടികളും. ഒരു ടാറ്റ സുമോ നിറയെ ആളുകള്‍. പ്രവാസ ജീവിതത്തിലെ ആദ്യത്തെ തിരിച്ചുവരവായതിനാല്‍ എയര്‍പോര്‍ട്ടിനു പുറത്തിറങ്ങിയപ്പോഴുള്ള കെട്ടിപ്പിടിക്കലും സ്നേഹാന്വേഷണങ്ങളും കുറച്ചധികമായിരുന്നു. അതിന്റെ ഹാങ്ങോവറില്‍ തരിച്ചു നില്‍ക്കുമ്പോഴാണ് ഒരുനൂറു ചോദ്യങ്ങളുമായി ബന്ധുക്കള്‍ പൊതിഞ്ഞത്. ഒരു മറുപടിക്കായി പരതുമ്പോഴേക്കും അടുത്ത ചോദ്യമെടുത്തിടുന്നു. ഒരുമാതിരി ചാനലിലെ അവതാരകരെ പോലെ. ഡ്രൈവര്‍ അത്യാവശ്യം സ്പീഡില്‍ തന്നെ വണ്ടിയോടിക്കുന്നുണ്ട്. എന്റെ കൂടെ വണ്ടിയിലുള്ളവരെല്ലാം ഇപ്പോഴും നിര്‍ത്താതെ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരിക്കുന്നു. കയ്യിലുള്ള സ്യൂട്ട്കെയിസ്  തുറന്നു ചോക്ലൈറ്റിന്റെ  ഒരു കവര്‍ പൊട്ടിച്ചു എല്ലാവര്‍ക്കും കൊടുത്തപ്പോള്‍ രംഗം ശാന്തമായി. ചോക്ലൈറ്റിന്റെ ഗുണഗണങ്ങളെ കുറിച്ച് താഴ്ന്ന ശബ്ദത്തില്‍ പിറുപിറുപ്പ്‌ കേള്‍ക്കുന്നതൊഴികെ വേറെ പ്രശ്നമൊന്നുമില്ല. മനസ്സൊന്നു ഫ്രീ ആയപ്പോള്‍ വഴിയോരക്കാഴ്ച്ചകളിലേക്ക് കണ്ണുംനട്ടിരുന്നു‍.
          രണ്ടുവര്‍ഷങ്ങള്‍ക്കപ്പുറം എയര്‍പോര്‍ട്ടിലേക്കുള്ള വണ്ടിയിലിരിക്കുമ്പോള്‍ എന്നെ പുറകിലാക്കി പാഞ്ഞുപോയ വയലും തോടും തെങ്ങിന്‍തലപ്പും പച്ചപ്പുമെല്ലാം ഇപ്പോള്‍ രണ്ടും കയ്യും നീട്ടിയെന്നെ  മാടിവിളിക്കുന്നത് പോലെ. ഏതോ സ്വര്‍ഗരാജ്യത്തിലെത്തിയെന്ന മട്ടില്‍ അങ്ങിനെ യിരിക്കുമ്പോഴാണ് അമ്മാവന്‍ ആദ്യത്തെ വെടിപൊട്ടിച്ചത്. 
     "നിനക്കെത്ര മാസാ ലീവ്?"   
ഏഴാനാകശത്ത് നിന്നും പൊടുന്നനെ പിടുത്തം വിട്ടു മരുഭൂമിയിലേക്ക് നെഞ്ചടിച്ചുവീണ പോലെയായി ഞാന്‍. ഇപ്പോള്‍ വണ്ടിയുടെ ശബ്ദം മാത്രം. എല്ലാരും കാതും കണ്ണും കൂര്‍പ്പിച്ചു എന്റെ ഉത്തരത്തിനായി ഓങ്ങി നില്‍ക്കുന്നു.
     "ഒന്നര മാസം!!!!".
          വീട്ടില്‍ കയറി കുറച്ചു സമയങ്ങള്‍ക്കകം  ഒരു പത്തുപതിനാറു പ്രാവശ്യമെങ്കിലും ഈ "ഒന്നര മാസം" എന്ന ഡയലോഗ് പുറത്തേക്കു ഛര്ദിക്കേണ്ടി വന്നു. ഈ വരവില്‍ തന്നെ ഒരു പെണ്ണ് കെട്ടണമെന്ന് മനസ്സില്‍ ഒരു ആശയുണ്ടായിരുന്നു. വയസ്സ് ഇരുപത്തഞ്ചു ആയി. എല്ലാവര്‍ക്കുമറിയാവുന്ന എന്റെ വയസ്സ് വീട്ടുകാര്‍ മാത്രം അറിഞ്ഞമട്ടില്ല. ഇതിങ്ങിനെ വിട്ടാല്‍ പറ്റില്ലല്ലോ. ഗള്‍ഫില്‍ ഉള്ളപ്പോഴേ കല്യാണത്തിന് വേണ്ട പ്ലാനിംഗ് തുടങ്ങിയിരുന്നു. ഒരു കല്യാണം നടക്കാന്‍ ഒന്നരമാസം ലീവ് "ധാരാളം" എന്നാണ്‌ ബ്രോക്കെര്‍ അന്ന് തന്നോട് ഫോണില്‍ പറഞ്ഞിരുന്നത്. ഞാനെത്തുമ്പോഴേക്കും ഒരു നല്ല പെണ്ണിനെ കണ്ടുവെക്കാന്‍ ബ്രോക്കെര്‍ക്ക് അഡ്വാന്‍സായി അഞ്ചൂറ് രൂപയാ അയാളുടെ മൊബൈലിലേക്ക് ഗള്‍ഫില്‍ നിന്നും റീചാര്‍ജു ചെയ്തു കൊടുത്തത്. അത് വെള്ളത്തിലാവുമോ പടച്ചോനേ എന്നാലോചിച്ചു വീടിന്റെ കോലായില്‍ കാറ്റും കൊണ്ടിരിക്കുകയായിരുന്നു.
          അന്നേരം കേരള ജനതയെ ഇരുട്ടില്‍ നിന്നും രക്ഷിക്കാന്‍ സര്‍ക്കാന്‍ സൌജന്യമായി നല്‍കിയ 20 വാട്ട്സ് സി.എഫ്.എല്‍ ലാമ്പ് കത്തുന്ന പോലെ മുത്ത്‌ ഒരു ചിരിയും ഫിറ്റ് ചയ്തു  നമ്മുടെ ബ്രോക്കെര്‍ക്ക അങ്ങിനെ കയറി വരുന്നു. മനസ്സില്‍ ഒരു ഒന്നൊന്നര ലഡ്ഡു പൊട്ടി. ക്ഷണിച്ചിരുത്തി. മുറിയില്‍ കയറി പൊട്ടിക്കാതെ വെച്ചിരുന്നു രണ്ടു കിലോയുടെ ബദാം പേക്കറ്റ് നേരെ ബ്രോക്കെറുടെ കയ്യില്‍ കൊടുത്തു പറഞ്ഞു: 
     "ഇതിരിക്കട്ടെ.. മ്മളെ ഒരു സന്തോഷത്തിനു.." 
ബ്രോക്കെറുടെ ചിരി ഒന്നൂടെ വലുതായി. ഇയാളുടെ മുഖത്തിന്‌ ഇത്രയും വീതിയുണ്ടായിരുന്നോ എന്നു സംശയിച്ചു പോയി. ബ്രോക്കെറോട്‌ ഒന്ന് കണ്ണിറുക്കി കാണിച്ചു. അയാള്‍ക്ക്‌ സംഭവം കത്തി. ഒന്ന് തൊണ്ടയനക്കി ബ്രോക്കെര്‍ വീടിനുള്ളിലേക്ക് നോക്കി എന്റെ ഉപ്പയെ നീട്ടി വിളിച്ചു.
     "ഞാന്‍ ഇത് വഴി പോയപ്പോ ഒന്ന് കയറിയതാ.. മ്മളെ ബാബുവിനു പറ്റിയ നല്ലൊരു കുട്ടി എന്റെ അറിവിലുണ്ട്.  ഇപ്രാവശ്യം കല്യാണം നോക്കുന്നുണ്ടെങ്കില്‍ ആ വീട്ടുകാരുമായി ഒന്ന് സംസാരിക്കാമായിരുന്നു."
     എലിമിനേഷന്‍ റൌണ്ടിലെത്തിയ മല്‍സരാര്‍ഥികളുടെ മുഖഭാവവുമായി ഞാനും ബ്രോക്കെറും ഒരുമിച്ചു ഉപ്പയുടെ മുഖത്തേക്കു നോക്കി.
     "ആയ്ക്കോട്ടെ.. നിങ്ങള്‍ അവനെയും കൂട്ടി ഒന്ന് പോയി നോക്കിക്കൊളീ. മ്മക്ക് പറ്റിയതാണെങ്കില്‍ അങ്ങട്ട് ഉറപ്പിക്കാം..ന്തേയ്‌.."
     ഒന്ന് തുള്ളിച്ചാടണമെന്നുണ്ടായിരുന്നു. ഉപ്പാന്റെ കൂര്‍പ്പിച്ച നോട്ടത്തില്‍ നിന്നൊഴിഞ്ഞു ഞാന്‍ നഖം കടിച്ചു നിന്നു. ബ്രോക്കെറുടെ മുഖത്ത് എവറസ്റ്റ് കീഴടക്കിയ ഭാവം.
          അന്ന് വൈകുന്നേരം തന്നെ പെണ്ണ് കാണാന്‍ പോവാമെന്നേറ്റു. ഡിഗ്രിക്ക് പഠിക്കുന്ന കുട്ടിയാണ്. വൈകിട്ട് കോളേജു വിട്ടു വന്നിട്ടേ കുട്ടിയെ കാണാന്‍ പറ്റൂ. കുളിച്ചു റെഡിയായി ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന സ്പ്രേയും ഒക്കെ മണപ്പിച്ചു ഒരുങ്ങിത്തന്നെ പുറപ്പെട്ടു. കൂടെ ബ്രോക്കെറും. വീടെത്തി. വീട് കണ്ടിട്ട് അത്യാവശ്യം തറവാടിത്തമുള്ള കുടുംബമാണെന്നു തോന്നുന്നു. ആദ്യത്തെ പെണ്ണ് കാണലായതിനാല്‍ തന്നെ ചെറുതായി കാല്‍മുട്ടുകള്‍ വിറക്കാന്‍ തുടങ്ങിയിട്ടുണ്ട്. സകല ധൈര്യവും സംഭരിച്ചു വീട്ടിലേക്കു കയറി. കുട്ടിയുടെ രണ്ടു ആങ്ങളമാരും ഉപ്പയും ഞങ്ങളെയും കാത്തു വീടിന്റെ കോലായില്‍ തന്നെയുണ്ടായിരുന്നു. അകത്തേക്കിരുന്നു.
    "സൌദിയില്‍ എവിടെയാ? എത്ര മാസം ലീവുണ്ട്?"
ദേ, കിടക്കുന്നു.. പിന്നെയും.. എനിക്ക് വയ്യ. ഈ ഗള്‍ഫുകാരോട് ഇവര്‍ക്ക് വേറൊന്നും ചോദിക്കാനില്ലേ..?
          കുട്ടിയുടെ ബന്ധുക്കളുടെ ഇന്റര്‍വ്യൂവിനിടക്ക് വാതില്‍പടികള്‍പ്പുറത്തു നിന്നും ആരോ എത്തി നോക്കുന്നത് പോലെ തോന്നി. അവരുടെ ചോദ്യങ്ങളില്‍ ഒരു ഇടവേള കിട്ടിയപ്പോള്‍ ഞാനും അങ്ങോട്ടൊന്നു ഇടങ്കണ്ണിട്ടു നോക്കി. മിഡിയും ടോപ്പുമിട്ട ഒരു പെണ്‍കുട്ടി. മുഖം അങ്ങോട്ട്‌ വ്യക്തമാകുന്നില്ല. അല്ലെങ്കിലും എന്തിനാ ഇങ്ങിനെ തിടുക്കം കൂട്ടുന്നത്?. ഇപ്പോള്‍ തന്നെ ശരിക്കും കാണാനുള്ളതല്ലേ. കുട്ടിയുടെ ഉപ്പ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു:
     "മോളെ, ആ ചായയും പലഹാരങ്ങളും ഇങ്ങോട്ടെടുത്തേ.."
എന്റെ ഹൃദയമിടിപ്പിന് വേഗം കൂടി. കണ്ണിമവെട്ടാതെ ഞാനങ്ങോട്ടു തന്നെ നോക്കിയിരിക്കുകയാണ്.
     പെട്ടെന്ന് കാലില്‍ ആരോ തോണ്ടുന്നത് പോലെതോന്നി.
     "ഡാ, ചങ്ങായീ, എണീക്കെടാ... ഇതെന്തു ഉറക്കാ.. സമയം എട്ടു മണിയായി.. ഡ്യൂട്ടിക്ക് പോകണ്ടേ...?"
     കുളിച്ചു തലതോര്‍ത്തി നില്‍ക്കുന്നു സഹപ്രവര്‍ത്തകനും സഹാമുറിയനുമായ അമീര്‍.
     "ഡാ.. %#$*&&*&&^)^&(#@* മോനെ, നിനക്ക് ഒരു രണ്ടു മിനിറ്റും കൂടി കഴിഞ്ഞിട്ട് വിളിച്ചൂടായിരുന്നോ പന്നീ...ആ കുട്ടിയുടെ മുഖമെങ്കിലും ഒന്ന് ശരിക്ക് കാണാമായിരുന്നു. നീ വല്ലാത്ത പണിയാടാ കാണിച്ചത് ചൂലേ.. നിന്നെയാരാടാ ഇപ്പം ഇങ്ങട്ട് കെട്ടിയെടുത്തത്?"
     ഞാന്‍ അലറുകയായിരുന്നു. അമീറിനെ പച്ചക്ക് കൊന്നു തിന്നാനുള്ള ദേഷ്യമുണ്ട് എന്റെയുള്ളില്‍‍. അവനാണെങ്കിലോ ഒന്നും മനസ്സിലാവാതെ എന്റെ ഉറക്കച്ചടവുള്ള കണ്ണിലേക്കു തുറിച്ചുനോക്കി നില്‍ക്കുകയാണ്.
     "എന്താടാ, എന്തുപറ്റി?, നീ കാര്യം പറ."
     ഞാന്‍ ഒരുവിധം കാര്യങ്ങള്‍ വിവരിച്ചു കൊടുത്തു.
     "നിന്നെയൊന്നും പറഞ്ഞിട്ട് കാര്യമില്ല. ഞാനെന്നും പറയുന്നതാ ഉറങ്ങാന്‍ കിടക്കുമ്പോ വല്ല ദിക്ക്റോ സ്വലാത്തോ (ദൈവ വചനങ്ങള്‍) ചൊല്ലിക്കിടക്കാന്..‍. അതങ്ങനെയാ കണ്ട പെണ്‍കുട്ടികളെയെല്ലാം ഓര്‍ത്തു കിടന്നാല്‍ ഇങ്ങനെയുണ്ടാവും. നിനക്കിങ്ങനെ തന്നെ വേണം."
     എന്റെ നാവ് ഇറങ്ങിപ്പോയി. കണ്ടത് വെറും സ്വപ്നമായിരുന്നുവെന്നു ഇനിയുമെനിക്ക് വിശ്വാസമാകുന്നില്ല. എന്നാലും.. ശേ.. ഒരു മിനിറ്റു കൂടിയെങ്കിലും കിട്ടിയിരുന്നെങ്കില്‍.. ആ.. എന്ത് കുന്തമെങ്കിലുമാവട്ടെ... ഇന്നും ഓഫീസില്‍ നേരം വൈകിയെത്തിയാല്‍ ബോസ്സ് നാളെ മുതല്‍ വരണ്ടാ എന്ന് പറയും. പണ്ടാരം പിടിച്ച ഈ ഗള്‍ഫ്‌ കണ്ടുപിടിച്ചവനെ മനസ്സില്‍ നാല് തെറി പറഞ്ഞു ബ്രഷും തോര്‍ത്ത്‌ മുണ്ടുമെടുത്തു ഞാന്‍ ബാത്ത് റൂമിലേക്ക്‌ നടന്നു.


          "എന്നാലും.. അതാരായിരിക്കും..?!!!!"

____________© മോന്‍സ് 

Friday 5 August 2011

ഉമ്മ വിളക്ക്

       വെളുപ്പിനേ തുടങ്ങിയതാണ്‌ മഴ. സമയമിപ്പോള്‍ പത്തുമണിയായിരിക്കുന്നുപുലര്‍മഴയില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു ഞാന്‍.  എവിടെ നിന്നൊക്കെയോ വന്നു ഒന്നായൊഴുകുന്ന മഴത്തുള്ളികള്‍. പിന്നെ ഇഴപിരിക്കാനാവാത്തവിധം അലിഞ്ഞു ചേരുന്നു. ചിലപ്പോള്‍ എവിടെയൊക്കെയോ തട്ടിതടഞ്ഞു വീണ്ടും പല വഴിക്ക് തിരിഞ്ഞു പോവുന്നു. മനുഷ്യബന്ധങ്ങളും ഇങ്ങനെതന്നെയാണ്. പലപ്പോഴും.
"ദാ, ചായ"
ഭാര്യ കടുപ്പത്തിലുള്ള ചായയുമായ് വന്നു.
"അല്ലാ, നിങ്ങള്‍ പോകുന്നില്ലേ?"
"പോണം, ഈ മഴയൊന്നു തോര്‍ന്നിട്ടാകാം എന്ന് കരുതി."
മഴ എത്ര നോക്കിനിന്നാലും മതിവരാത്ത അനുഭൂതിയാണ്. എത്രകേട്ടാലും മടുക്കാത്ത താളമാണതിന്. നോക്കിനോക്കി നില്‍ക്കെ മഴ തോര്‍ന്നു. മുറിയില്‍ ചെന്ന് വസ്ത്രം മാറി. പുറത്തേക്കിറങ്ങുന്നേരം ഭാര്യ വീണ്ടും ഓര്‍മിപ്പിച്ചു.
"ദേ, ..ങ്ങളെ ഉമ്മാനോട് ..ന്റെ അന്വേഷണം പറയാന്‍ മറക്കരുതേ.."
"ഇല്ല, മറക്കാതെ പറഞ്ഞോളാം.."
പടിവാതില്‍ ചാരുന്നതിനിടയില്‍ മറുപടി അവള്‍ കേട്ടോ ആവോ.
          റോഡിന്റെ വശം ചേര്‍ന്ന് നടന്നു. ഞായറാഴ്ച്ചയായതിനാലാവാം റോഡു വിജനമാണ്. ഈ വളവു തിരിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്. വഴിയിലാകെ ചരല്‍കല്ലുകള്‍ പൊതിര്‍ന്നു കിടക്കുന്നു. മഴ നല്ലത് പോലെ തോര്ന്നിട്ടുണ്ടെങ്കിലും ഇടവഴിയിലെ മരങ്ങള്‍ മഴ ചാറ്റുന്നുണ്ടായിരുന്നു. നേരെ ചെന്നെത്തുന്നത് നാട്ടിലെ പ്രധാന പള്ളിയിലേക്കാണ്. പള്ളിക്ക് പിറകില്‍ വിശാലമായ പള്ളിക്കാട്. പറങ്ങിമാവുകള്‍ തണലിട്ട വഴിയിലൂടെ ഞാന്‍ നടന്നു. ഉമ്മാന്റെ ഖബറിന്നരികിലെത്തി. നിറം മങ്ങിത്തുടങ്ങിയ മീസാന്‍ കല്ലിനും ഖബറിന് മുകളില്‍ പടര്‍ന്നു നില്‍ക്കുന്ന കള്ളിചെടിക്കും ഒരേ പ്രായം. അന്ന് നട്ട കള്ളിചെടിയുടെ കൊമ്പ് ഇന്ന് പൂത്തുതളിര്‍ത്തു ഒരു തണലായി നില്‍ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു തണലായി നിന്നതും ഉമ്മയായിരുന്നല്ലോ.
         ആറു മാസം മുമ്പ് ഇതുപോലുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് ഉമ്മ... നെറ്റിയില്‍ തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പ് മനസ്സിന്റെ ആഴത്തിലെവിടെയോ പൊള്ളിച്ചു. ആ നീറ്റല്‍ ഇപ്പോഴും ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയാഘാതമായിരുന്നു. അല്ലെങ്കിലും ഇത്രയധികം നൊമ്പരം ഉള്ളിലടക്കിപ്പിടിച്ചു ജീവിച്ച ഉമ്മാക്ക് ഹൃദയത്തിനല്ലേ അസുഖം വരൂ. ഇന്ന് ഉമ്മ, പ്രശ്നങ്ങളൊന്നുമില്ലാത്ത  ലോകത്ത് ശാന്തമായുറങ്ങുന്നു. ദേ, ഇവിടെത്തന്നെ. ഉമ്മയറിയുന്നുണ്ടോ, ഉമ്മാന്റെ പൊന്നുമോന്‍ ഇതാ ചാരെ വന്നു നില്‍ക്കുന്നു. പണ്ട് വിഷമങ്ങള്‍ വരുമ്പോള്‍ മുകളിലേക്ക് രണ്ടു കയ്യും ഉയര്‍ത്താന്‍ പഠിപ്പിച്ച ഉമ്മ താഴെ ഈ മണ്ണിലുറങ്ങുമ്പോള്‍  കണ്ണുകളെങ്ങിനെ മുകളിലേക്കുയരും? ഉമ്മാക്ക് പൊറുത്തുകൊടുക്കണേ എന്നതിനേക്കാളും ഞാന്‍ പ്രാര്‍ഥിക്കാറുള്ളത് ആ മനസ്സിലുണ്ടായിരുന്ന നന്മയുടെ വെളിച്ചം എന്റെ മനസ്സിലും നിറച്ചു തരണേ പടച്ചവനെ എന്നാണ്. ഉമ്മ, നിങ്ങള്‍ എന്നെ തനിച്ചാക്കിയെന്നു ഒരിക്കലും തോന്നിയിട്ടില്ല. കണ്ണ് നനഞ്ഞു പോവുമെങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള ഒത്തിരി ഓര്‍മ്മകള്‍ ഉമ്മയെനിക്ക് ബാക്കി വെച്ചിട്ടില്ലേ. പിന്നെ ഉമ്മതന്നെ എന്റെ വലം കയ്യില്‍ ചേര്‍ത്തു വെച്ചുതന്ന എന്റെ ഭാര്യയും. ഉമ്മയോട് പ്രത്യേകം അന്വേഷണം പറഞ്ഞിട്ടുണ്ടവള്‍. അവളാണ് ഇന്നെന്റെ ഭാഗ്യം.
          


          സലാം ചൊല്ലി തിരിച്ചുനടക്കാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു നോക്കി. ആ മീസാന്‍ കല്ലിന്റെ മുകളില്‍ നിന്നും ഇമനനയാതെ കണ്ണെടുക്കാന്‍ വല്ലാതെ പണിപെട്ടു. ഇപ്പോള്‍ ഒന്നുപെയ്തു തോര്‍ന്നെയുള്ളൂവെങ്കിലും മേലെ ആകാശത്ത് മേഘം മൂടികെട്ടി നില്‍ക്കുന്നു. തിമിര്‍ത്തുപെയ്യാന്‍  വെമ്പിനില്‍ക്കുന്ന മഴക്കാറിനകത്തു ഉമ്മയുടെ മുഖം തെളിയുന്നുണ്ടോ? ഇല്ല. വെറുതെ ഓരോ തോന്നലാണെല്ലാം. പള്ളിക്കാട്ടില്‍ പടര്‍ന്നു നില്‍ക്കുന്ന മൈലാഞ്ചിച്ചെടികള്‍ വകഞ്ഞുമാറ്റി നടക്കുന്നതിനിടയില്‍ ഒരു മൈലാഞ്ചികൊമ്പ് നെറ്റിയില്‍ കൊണ്ടു. ചെറിയ വേദന തോന്നി. ഈ പള്ളിക്കാട്ടില്‍ ഇത്രയധികം മൈലാഞ്ചിച്ചെടികള്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയും ഈ വഴി വരാത്തതെന്തേ? ഈ മൈലാഞ്ചിയരച്ചു കൈകളിലിട്ടാല്‍ ആ കൈകള്‍ മാത്രമല്ല ചിലപ്പോള്‍ കണ്ണുകളും ചുവന്നേക്കാം. കാരണം, പൊള്ളുന്ന നേരിന്റെ അമ്പു നെഞ്ചില്‍ തറക്കുമ്പോയാണല്ലോ കരഞ്ഞുകലങ്ങി നമ്മുടെ കണ്ണുകള്‍ ചുവന്നു പോകുന്നത്.
പണ്ട് ഉമ്മ പറയുമായിരുന്നു:
"..മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
          അതെ, ആ നേരിന്റെ ആഴങ്ങളില്‍ നിന്നാണല്ലോ ഈ മൈലാഞ്ചിച്ചെടികള്‍ മുളച്ചുപൊന്തുന്നത്. കണ്ണും കരളും ചുവന്നുപ്പോകും. ഉമ്മ പറഞ്ഞു തന്ന മരണമെന്ന സത്യത്തിലേക്ക് ആദ്യം നടന്നുപോയത്‌ ഉപ്പയാണ്. ഇപ്പോള്‍ ഉമ്മയും.

******************************************************
          
          വീട്ടില്‍ വന്നു കയറിയതും മഴ തുള്ളിക്കൊരുകുടം പെയ്യാന്‍ തുടങ്ങി. ജൂണ്‍ മാസം തുടങ്ങുന്നേയുള്ളൂ. ഇനിയിപ്പോ എന്നും നിര്‍ത്താത്ത മഴയായിരിക്കും.
"..ങ്ങള് കുടയെടുക്കാതെയാണല്ലേ പോയത്. എടുതുതരാന്‍ ഞാന്‍ മറന്നും പോയി. ഏതായാലും ..ങ്ങക്ക് നല്ല ഭാഗ്യാട്ടോ.. മഴവരുന്നതിന് മുമ്പേ ഇവിടെയെത്തിയില്ലേ.."
"എടീ.., അല്ലെങ്കിലും ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവന്‍ ഞാന്‍ തന്നെയാ.."
"ആരാ ..ങ്ങളോട് അങ്ങനെ പറഞ്ഞത്..?"
"ആരെങ്കിലും പറയണോ? സ്നേഹം നിറഞ്ഞ ഒരു ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞില്ലേ. അതുതന്നെയല്ലേ വലിയ ഭാഗ്യം. ഇനിയുമൊരുപാട് ആ ജന്മം ആ ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..."
          ചെറുപ്പം തൊട്ടേ മനസ്സില്‍ കയറിക്കൂടിയ ഒരു  സംശയമുണ്ടായിരുന്നു. ഞാന്‍ ഭാഗ്യവാനാണോ?. സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെയാണ് ആ സംശയത്തിനു വിത്തുപാകിയത്.
"എടാ, നീ നല്ല ഭാഗ്യമുള്ളോനാ.. നോക്കിയേ, നിന്റെ രണ്ടു കണ്‍പുരികങ്ങളും കൂടിച്ചേര്‍ന്നിട്ടാണ്... പോരാത്തതിന് നഖത്തിന് മുകളില്‍ നിറയെ വെളുത്ത പുള്ളികളുമുണ്ടല്ലോ.."
          പക്ഷെ, എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗോട്ടി കളിയിലും കണ്ണുപൊത്തിക്കളിയിലും വരെ തോറ്റുതൊപ്പിയിട്ടിരുന്ന ഞാനെങ്ങനെ ഭാഗ്യവാനാകും? ഇതൊക്കെ വെറുതെ പറയുന്നതാകുമോ? ഏതായാലും ഉമ്മയോട് തന്നെ ചോദിക്കാം.
ഈ കഥയൊക്കെ കേട്ടപ്പോള്‍ ഉമ്മ പൊട്ടിച്ചിരിക്കുകയായിരുന്നു.
" മോനെ, ഭാഗ്യമെന്നു പറയുന്നത് പുറമേ കാണാനൊന്നും കഴിയില്ല. അവരതുമിതുമൊക്കെ പറയും.."
ഉമ്മ ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ പുറത്തു തടവിയിട്ടു പറഞ്ഞു:
"ഭാഗ്യമുറങ്ങുന്നത് സ്വന്തം മനസ്സിന്റെ നന്മയിലാണ്. എല്ലാം തരുന്നത് പടച്ചോനല്ലേ. ആ പടച്ചോന്‍  മ്മളെ മനസ്സിലെക്കല്ലേ മോനെ നോക്കൂ.."
          പുറത്തിപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയെത്തുന്നത് പലപ്പോഴും കണ്ണീരിന്റെ നനവോടെയാണ്. പണ്ട് ഇതുപോലൊരു പെരുമഴക്കാലത്താണ് ഉപ്പ മരിച്ചത്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. മുക്കുവന്‍ ആയിരുന്നു ഉപ്പ. വെയിലുദിക്കുമ്പോഴേക്കും  പങ്കായവും മീന്‍ വലയുമായ് ഉപ്പ പോകും. ഉമ്മയും ഞാനും അനിയനും രാത്രി വൈകും വരെ ഉപ്പയെയും കാത്തു കോലായിലിരിക്കും. വരുമ്പോള്‍ വലത്തേ കയ്യില്‍ വലിയൊരു മീനും ഇടത്തെ കയ്യില്‍ ഉപ്പയെ പോലെ നീണ്ടു മെലിഞ്ഞ ഒരു ടോര്ച്ചുമുണ്ടാകും. ഇടിയും മിന്നലും മാറി മാറിയെറിഞ്ഞു പെയ്യുന്ന ഒരു മഴക്കാല രാത്രി. അന്ന് പക്ഷെ, ഉപ്പ വന്നത് ഒറ്റക്കല്ലായിരുന്നു. ചൂട്ടിന്റെ വെളിച്ചത്തില്‍ കുറച്ചാളുകളുടെ നിഴലുകളാണ് ആദ്യമെത്തിയത്. മുന്നില്‍ വന്ന അയല്‍വാസി അസീസ്ക്കന്റെ തോളില്‍ കിടക്കുകയായിരുന്നു ഉപ്പ. പിന്നാലെ പത്തോളം നാട്ടുകാരും. ഉപ്പാനെ കോലായിലേക്ക് കിടത്തി.
"കടലിളകിയിരിക്കുകയായിരുന്നു. ഞാന്‍ കുറേ പറഞ്ഞതാ പോണ്ടാന്നു.. കേള്‍ക്കണ്ടേ.. കടലടങ്ങിയപ്പോ കരയില്‍ മരിച്ചുകിടക്കുകയായിരുന്നു.."
വിതുമ്പലോടെയാണ് അസീസ്ക്ക പറഞ്ഞു നിര്‍ത്തിയത്. 
          ഒരു നോട്ടം നോക്കാനേ ആയുള്ളൂ.. കണ്ണുകളില്‍ നിന്ന് ഒരു കടല്‍ തന്നെ ഒഴുകിവരുന്നത്‌ പോലെ. നിന്നനില്‍പ്പില്‍ ഭൂമി തന്റെ ചുറ്റും കറങ്ങുന്ന പോലെ. ഏതോ തിരക്കിനിടയില്‍ ഉപ്പയുടെ ചൂണ്ടുവിരലില്‍ നിന്നും പിടിവിട്ടു ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയത് പോലെ ഞാന്‍ ഏങ്ങി നിന്നു. ഉമ്മയുടെ ശബ്ദം അടഞ്ഞുപോയത് പോലെ. എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരുവാക്കും പുറത്തേക്കു കേള്‍ക്കാനാവുന്നില്ല. എന്താണ് സംഭാവിച്ചതെന്നറിയില്ലെങ്കിലും കരഞ്ഞു മൂക്കൊലിപ്പിച്ചു ഒരു മൂലയിലൊതുങ്ങി  നില്‍ക്കുന്ന അനിയന്‍. മേലെ പാകിയ ഓടിന്റെ ചോര്ച്ചയിലൂടെ വെള്ളം ഇറ്റിവീണുകൊണ്ടിരുന്നു. മഴവെള്ളം മയ്യിത്തിന്റെ മുകളില്‍ വീഴാതിരിക്കാന്‍ കുറച്ചു മാറ്റിക്കിടത്തി. ആ വെള്ളം കോരിയെടുക്കാന്‍ ബക്കറ്റും ഒരു കഷ്ണം തുണിയുമായി ഉപ്പയുടെ മയ്യിത്തിനരികില്‍ തേങ്ങിക്കരഞ്ഞു നില്‍ക്കുന്ന എന്നിലെ പത്തുവയസ്സുകാരന്റെ മനസ്സന്നു വല്ലാതെ നീറിയിരുന്നു.
          പിന്നീടങ്ങോട്ട് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  കരഞ്ഞു മൂക്കുതുടച്ചു വീട്ടില്‍ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന ബന്ധുക്കളെ പിന്നീടാ വഴിക്ക് കണ്ടില്ല. മറ്റു വീടുകളില്‍ ജോലിക്ക് പോയി ഉമ്മ ഞങ്ങളെ വളര്‍ത്തി. ജോലി എവിടെയായിരുന്നാലും വൈകിട്ട് ഞങ്ങള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വരുമ്പോള്‍ ഉമ്മ അടുക്കളയിലുണ്ടാകുമായിരുന്നു. ഉമ്മയുടെ വിതുമ്പലുകളും നെടുവീര്‍പ്പുകളും മാത്രമായിരുന്നു അന്നേരം അടുക്കളയില്‍ നിന്നുയര്‍ന്നിരുന്നത്. തീക്ക ലിനേക്കാളും ചൂടില്‍ തിളച്ചുമറിഞ്ഞു പുറത്തേക്കു തൂവിയിരുന്നത് ഉമ്മയുടെ മനസ്സ് തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ ഒരു കര്‍ക്കിടക കാലം. നിര്‍ത്താതെ പെയ്യുന്ന വിശപ്പിന്റെ മഴ. അതും ഇല്ലാഴ്മയുടെ ഒത്ത നടുവിലേക്ക്.
          മഴയും വെയിലും ഇണകൂടും നേരം ക്ഷണിക്കാതെ വിരുന്നെത്തുന്ന മഴവില്ല് പോലെ ആ ക്ഷാമകാലമെല്ലാം പതിയെ ക്ഷേമത്തിനു വഴിമാറി. സന്തോഷം കളിയാടിയ ദിനരാത്രങ്ങളായിരുന്നു പിന്നീട്. വീട് പുതുക്കിപ്പണിതു. എനിക്ക് പഠിച്ചു പാസായി ഒരു നല്ല ജോലി ലഭിച്ചത് ഉമ്മയുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമായിരുന്നു. സമയമായപ്പോള്‍ ഉമ്മ തനിക്കുവേണ്ടി ഒരു പെണ്‍കുട്ടിയെയും ചൂണ്ടിക്കാണിച്ചു തന്നു. നന്മ നിറഞ്ഞ ഒരു ഭാര്യ.

******************************************************

"അയ്യേ.. ങ്ങളെന്താ കരയുകയാണോ..?"
ഭാര്യയാണ്. ഞാന്‍ കണ്ണീര്‍ തുടച്ചുകളഞ്ഞു.
"ഏയ്‌ ഒന്നുല്ല്യ. കണ്ണിലെന്തോ കരടു പോയതാണ്.."
"എന്നോടെന്തിനാ കള്ളം പറയുന്നേ.., ..നിക്കറിയാം ങ്ങള്‍ ഉമ്മാനെ പറ്റി ചിന്തിച്ചിരിക്കുകയായിരുന്നല്ലേ.. ങ്ങളിങ്ങനെ വിഷമിച്ചിരുന്നാല്‍ മരിച്ചവര്‍ തിരിച്ചു വരോ..?"
          അറിയാം.. പക്ഷെ നമ്മെ തനിച്ചാക്കിപ്പോകുന്നവര്‍ ഇടയ്ക്കെല്ലാം തിരിച്ചുവരാറുണ്ട്. ഇതുപോലെ കനലോടുങ്ങാത്ത ഓര്‍മകളായി. അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഓര്‍മ്മക്കൂട്  തുറക്കുമ്പോഴെല്ലാം കണ്ണിലെ കൃഷ്ണമണിയുടെ ആഴങ്ങളില്‍ നിന്നും ഒരു കണ്ണീര്‍ത്തുള്ളി പറന്നുപോവും. എന്നിട്ട് അകലെയെവിടെയോ ഒരു നക്ഷത്രമായി മാറും. മറവിയുടെ ഉള്ളിലേക്ക് വീശുന്ന വെളിച്ചമായി ആ നക്ഷത്രമങ്ങിനെ ഉദിച്ചു നില്‍ക്കും.
          മഴയെ കീരിമുറിക്കാനെന്ന പോലെ ശക്തമായ ഒരിടിവെട്ടി. കൂടെ മിന്നലും. കരണ്ടുപോയി. ഇപ്പോഴിങ്ങെനെയാണ്. ഒരു നല്ല മഴ പെയ്യുമ്പോഴേക്കും കരണ്ടുപോകും. ആകാശം മൂടിക്കെട്ടിയിരുന്നു. ഇപ്പോള്‍ റൂമില്‍ കട്ടിയുള്ള ഇരുട്ടാണ്‌.
          ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു. അതിന്റെ തിരിനാളം കണ്ടപ്പോഴേക്കും ഓര്‍മ്മകള്‍ പിന്നെയും കൈപിടിച്ച് കൊണ്ടുപോയി. ഇന്നലെകളിലേക്ക്. പണ്ട് കരണ്ട് കണക്ഷന്‍ ലഭിക്കാത്ത സമയത്ത് ഇരുട്ട് വീഴുന്നതിനു മുമ്പേ ഉമ്മ വിളക്ക് കത്തിച്ചു വെക്കും. ചിലപ്പോള്‍ കാറ്റ് വന്നു വിളക്കിലെ വെളിച്ചം കെടുത്തിക്കളയും. അപ്പോള്‍ ഉമ്മ അകത്തുനിന്നും വിളിച്ചു പറയും:
"മോനെ വിളക്ക് കുറച്ചു ഉള്ളിലെക്കെടുത്തുവെക്ക്. എന്നിട്ട് വേറെ രണ്ടു വിളക്ക് കൂടി കത്തിച്ചുവെക്ക്"
ഞാന്‍ ആദ്യത്തെ വിളക്ക് കത്തിച്ചതിനു ശേഷം രണ്ടാമത്തെ വിളക്ക് കത്തിക്കാന്‍ പിന്നെയും തീപ്പെട്ടിയുരച്ചു. അന്നേരം ഉമ്മ എന്നെനോക്കി ചിരിച്ചു. ഒരുപാട് നേരം.
"മോനെ, നീയെന്താ ഈ കാണിക്കുന്നേ.. ഒരു വിളക്കിന്റെ തീയ്യില്‍ നിന്നും മറ്റേ വിളക്കെല്ലാം കത്തിച്ചു കൂടെ..?"
          അന്നേരം എന്റെ വിവരക്കേട് ഓര്‍ത്തു ഞാനും ചിരിച്ചു. സൈക്കിളില്‍ നിന്നുവീണ  ചിരി. ആ വാക്കുകളില്‍ നിന്നും എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി. ഉമ്മ കാണിച്ചുതന്നത് അതാണ്‌. മറ്റുള്ളവരെ നന്നാക്കാന്‍ പോകുന്നതിനു മുമ്പ് സ്വയം നന്നാവുക. ആ മനസ്സിലെ വെളിച്ചം പിന്നെ ഒരായിരം പേര്‍ കണ്ടുപടിക്കും. ഞാനാദ്യം കണ്ട വെളിച്ചം എന്റെ ഉമ്മയുടെ മനസ്സില്‍ നിന്നുള്ളത് തന്നെയായിരുന്നു. ആ വെളിച്ചത്തിന് ഒരു ആത്മാവുള്ളത് പോലെ തോന്നിയിരുന്നു. അല്ല, ഉണ്ടായിരുന്നു. കേട്ടുപോകുന്നത് വരെ മുനിഞ്ഞുകത്തുന്ന വെള്ളിവെളിച്ചം തന്നെയാണല്ലോ ഏതൊരു തിരിനാത്തിന്റെയും ആത്മാവ്.  
          പുറത്തു മഴ തോര്‍ന്നെന്നു തോന്നുന്നു. ചാരിയിട്ട ജനവാതിലിന്റെ വിടവിലൂടെ വെളിച്ചത്തിന്റെ ഒരു കീര് അരിച്ചെത്തി. വെയിലുദിച്ചതാണ്. നേരിട്ട് കണ്ണിലേക്കു പതിച്ച പ്രകാശം ആദ്യം കണ്ണിനെ വിഷമിപ്പിച്ചുവെങ്കിലും പതിയെ ഒരു കുളിര്‍ കോരിയിട്ടു. പെട്ടെന്ന് കരണ്ടും വന്നു.
"ദേ, ചോറ് ആയിട്ടുണ്ടേ, വരൂ കഴിക്കാം..."
സമയം പോയതറിഞ്ഞില്ല. നേരം ഉച്ചയായിരിക്കുന്നു.
"ദാ വരുന്നൂ.."
          ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജനവാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....

--------------------------------------------- മോന്‍സ്

Sunday 17 July 2011

ഈ പാത ഇവിടെ തീരുന്നു










[ ഉദയം ]

ചുവപ്പുമുറ്റിയകൈകള്‍ രണ്ടും
ഇറുകെപിടിച്ചാണ് പിറന്നുവീണത്..
ആദ്യകാലടികള്‍ മണ്ണിലുറച്ചപ്പോള്‍
കുഞ്ഞു കരങ്ങള്‍ അമര്‍ന്നിരുന്നത് 
അമ്മയുടെ സാരിത്തുംബിലും
അച്ഛന്റെ ചൂണ്ടു വിരലിലും...
വഴിയേറെ പോകാനുണ്ടെന്ന് അച്ഛനും
നല്ല വഴിയെ പോവണമെന്ന് അമ്മയും
കുഞ്ഞുകാതുകളില്‍ ഓതിതന്നിരുന്നു...

പതിയ പതിയെ നടന്നു തുടങ്ങീ ഞാനീ വഴിയില്‍
വസന്തവും ശിശിരവും ശൈത്യവും ഹേമന്തവും
ചിരിപ്പിച്ചും കരയിപ്പിച്ചും നുള്ളിയും പിച്ചിയും
കൂടെ തന്നെയുണ്ടായിരുന്നു...

 
മധ്യാഹ്നം ]

ചോരത്തിളപ്പിന്റെ കൌമാരത്തില്‍
കലാലയവൃക്ഷത്തിന്റെ  തണലിലേക്ക്
പൊള്ളുന്ന യൌവനത്തിന്റെ നേര് വെയിലെറിഞ്ഞു...

വലംകയ്യില്‍ നല്ലപാതിയുടെ ഇടംകൈ ചേര്‍ത്ത്
അച്ഛനുമമ്മയും മാറിനിന്നനേരം
"പ്രാരാബ്ധം" ; ഒരു പുതിയ വാക്ക് കൂടി
ജീവിതത്തിന്റെ നിഖണ്ടുവിലേക്ക്...
"കെട്ട്യോളും കുട്ട്യോളും ആയി
ഇനി ഒരു തട്ടാനെ കൂടി കിട്ടണം"
പുതുക്കിയ ചുവര്‍ ചിത്രത്തില്‍ നിന്നും
അച്ഛനുമമ്മയും പതിയെ മാഞ്ഞുപോയി...
 
[  സായാഹ്നം  ]
 
വൃദ്ധസദനത്തില്‍ നിന്നിറങ്ങി നടന്നത്
കണ്‍മുന്നില്‍ തെളിഞ്ഞ വഴിയെ തന്നെ...
"ഈ വഴി എവിടെക്കുള്ളതാ മോനെ?"
വഴിയില്‍ പന്ത് കളിച്ചുകൊണ്ടിരുന്ന
കൊച്ചു പയ്യന്‍ അരികെ വന്നു
"ഈ വഴി ഇവിടെ തീരുന്നു മുത്തശ്ശാ"..

 
മുന്നിലെ വഴി ഇരുണ്ടു പോയിരിക്കുന്നു
പുറകിലേക്ക് തിരിഞ്ഞു നോക്കിയപ്പോള്‍
താഴെ വീണുകിടക്കുന്ന കരിയിലകള്‍ക്ക്
പണ്ടു കണ്ട സ്വപ്നങ്ങളുമായി നല്ല സാമ്യം...
മേലെ ഇലപൊഴിച്ചു നില്‍ക്കുന്ന ശിഖിരങ്ങള്‍ക്ക്
ഭയാനകമായ ഒറ്റപ്പെടലിന്റെ ശൂന്യത...
പാതയോരത്തെ മണ്ണില്‍ ലയിച്ചു കിടക്കുന്ന
രാത്രിമഴതന്‍  നനവിന്റെ ആഴങ്ങളി
​ല്‍ നിന്ന്
ഒരു പുതുനാമ്പ് കിളിര്‍ത്തു നില്‍ക്കുന്നു..
ആര്ദ്രമായാല്‍ വിടരാത്ത മൊട്ടുക​ളുണ്ടോ?
ഒരുമിച്ചിരുന്നാല്‍ കാണാത്ത നിലാവുണ്ടോ?
പക്ഷെ, നിത്യവും നിര്‍ഗളമൊഴുകിവരുന്ന
ഉപ്പുരുചിയുടെ കണ്ണീര്‍ചാലുണ്ടാ​യിട്ടും   
ഈ മനസ്സുമാത്രമെന്തേ ഇങ്ങനെ?

എല്ലാമടക്കിപ്പിടിച്ചവന്റെ അവസാ​ന വിലാപം
"തനിച്ചാവുകയെന്നാല്‍ മരണമല്ലേ...?"

----------------------- (മോന്‍സ് )

Saturday 2 July 2011

അസ്തമയങ്ങള്‍










 

"എനിക്കും നിനക്കുമിടയിലിന്നു
അനന്തമാം കടലിന്റെ ദൂരമുണ്ടെങ്കിലും
തമ്മില്‍ കാണാന്‍ കൊതിയാവുമ്പോഴൊക്കെ
അക്കരെയിക്കരെ നിന്ന്  നമുക്ക്
മേലെ ആകാശത്തിലേക്ക് നോക്കാം
നാം കാണുന്നത് ഒരേ ആകാശം
നമുക്കുള്ളത് ഒരേ മനസ്സും.. "

കാര്‍മുകിലുകളില്ലാത്ത, സ്വച്ഛന്ദമായ
തെളിവാനത്തിന്റെ നീല നിറമാണ്
പ്രണയത്തിനെന്നു  അന്ന് ഞാന്‍ പറഞ്ഞത്
നമുക്കിടയിലെ അകലം അതിരിടുന്നത്
അതിരുകളില്ലാത്ത ആകാശമാണെന്നതിലായിരുന്നു...
അന്നേരം, പക്ഷെ; പ്രണയത്തിന്
നല്ല ഓറഞ്ചു നിറമാണെന്ന്  നീ തിരുത്തി
കാരണം നീ പറഞ്ഞില്ല ; ഞാന്‍ ചോദിച്ചതുമില്ല
അനുഭവിച്ചറിയാനുള്ളത്  ചോദിച്ചറിയാന്‍
മറന്നു പോവുന്നു നാം പലപ്പോഴും..

നീ പറഞ്ഞതു മാത്രമായിരുന്നു സത്യം
അവസാന നിമിഷം വരെ വെളിച്ചം വിതറി
നോക്കിനോക്കി നില്‍ക്കെ  ഇരുട്ടിന്റെ ശൂന്യതയിലേക്ക്
താഴ്ന്നുപോയ അസ്തമയ സൂര്യനും
മോഹസ്വപ്നസങ്കല്‍പ്പങ്ങളുടെ മണിമാളികകെട്ടി
വെണ്ണിലാവിന്റെ ചിറകിലൊതുങ്ങി നിന്ന്
നിനക്കാത്ത നേരത്ത് കൈവീശിയകന്നുപോയ
നമ്മുടെ പ്രണയത്തിനും
ഒരേ നിറമായിരുന്നു; നീ പറഞ്ഞ ഓറഞ്ചുനിറം..
പ്രണയമെന്നാല്‍ ഉദിച്ചസ്തമിക്കലാണ് , അല്ലെ?

നമ്മള്‍ കൊതിച്ചു പോയത്
തുള്ളിതുള്ളി പെയ്യുന്ന മഴയത്തു
ഒന്ന് ചേര്‍ന്ന് നടക്കാന്‍ മാത്രം...
മഴയെത്തിയത് പക്ഷെ, ഒറ്റക്കല്ലായിരുന്നു
വിധിയുടെ കൊടുങ്കാറ്റു വീശി
മോഹഭംഗത്തിന്റെ പേമാരിയില്‍
ആശകള്‍ കുലംകുത്തിഴൊയുകിയപ്പോള്‍
കരയിലെ കെട്ടഴിഞ്ഞു
രണ്ടു ദിക്കിലേക്ക് അകന്നകന്നു പോയ
രണ്ടു കൊതുമ്പു വള്ളങ്ങള്‍ മാത്രമായിപ്പോയി നാം...

നീ അകന്നുപോയപ്പോയാണ്
എന്റെ കിനാവില്‍ തങ്ങിനിന്നിരുന്ന
നിന്റെ മൗനം എന്നോട് വാചാലമായത്..
നീ പാതികണ്ടു വഴിലുപേക്ഷിച്ച
നമ്മുടെ നിലാസ്വപ്‌നങ്ങള്‍
ചോദ്യചിഹ്നങ്ങളായി കണ്മുന്നില്‍ നിറഞ്ഞാടിയത്...

ഹൃദയ രക്തത്തിന്റെ ചുവപ്പായിരുന്നു
നീ മൊഴിഞ്ഞ വാക്കുകള്‍ക്ക്
മനസ്സിന്റെ കോണിലെവിടെയോ
അള്ളിപ്പിടിച്ചിരുന്ന ആ മൊഴികള്‍
ഇന്നിന്റെ സായംസന്ധ്യകളില്‍
നേര്‍ത്തു നേര്‍ത്തു നിറമില്ലാതായി
കണ്ണില്‍ നിന്ന് താഴേക്കു ചാലിട്ടൊഴുകാറുണ്ട്
പിന്നെയും ബാക്കിയാവുന്നവ
കറുപ്പ് നിറം തൂകി ഉതിര്‍ന്നു വീഴുന്നു
ഈ തൂലികത്തുമ്പിലേക്ക്.. ഇന്നും...

ഒരിക്കല്‍ നമ്മുടേത്‌ മാത്രമായിരുന്നു
ഒന്നും മനസ്സില്‍ നീ അവശേഷിപ്പിക്കരുത്
എന്റെ ഓര്‍മ്മകള്‍ പോലും..
നാളെ എന്റെ കല്ലറക്കരികില്‍ വന്നു
നിന്റെയൊരു തുള്ളി കണ്ണീര്‍ പോലും
ആറടി മണ്ണിനു മുകളില്‍ വീഴരുത്...
ചിലപ്പോള്‍ ആ കണ്ണീരിന്റെ നനവില്‍ നിന്നും
ഏതെങ്കിലും പുല്‍നാമ്പ് കിളിര്ത്തുപോയാല്‍
സഫലീകരിക്കനാവാതെ പോയ നമ്മുടെ പ്രണയം
ആ പച്ചപ്പില്‍ കിടന്നു ശ്വാസം കിട്ടാതെ പിടഞ്ഞേക്കാം...
പ്രണയം ഒരു കടംകഥ മാത്രമാണെന്ന്
വീണ്ടും ഉറക്കെ വിളിച്ചു പറഞ്ഞേക്കാം....

ഓര്‍മയുടെ മുന്നില്‍ മറവി തോറ്റുപോവുന്നു
ഈ പ്രണയത്തിന്റെ മുന്നില്‍ ഞാനും..
----------------------- (മോന്‍സ്)

പിന്‍കുറിപ്പ്:
("പ്രണയം ലോകത്തിന്റെ അച്ചുതണ്ടാണ്..
ജീവ വായുവാണ്..എല്ലാമെല്ലാമാണ്"
ഇന്നലത്തെ മരംചുറ്റികളിക്കിടക്ക്
പുതിയ കാമുകിയുടെ ചെവിയില്‍
പതിയെ ഞാന്‍ മൊഴിഞ്ഞു.
"ചേട്ടാ, വല്ലതും തരണേ..
ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി ചേട്ടാ..."
ഞാന്‍ കൊടുത്ത അഞ്ചു രൂപ വാങ്ങുന്നതിനിടയില്‍
സ്വര്‍ഗത്തിലെ കട്ടുറുമ്പും കൊണ്ട് വന്ന ഭിക്ഷാടകന്‍
"ഫ്രീ ആയി" ഒരു കവിത ചൊല്ലിതന്നു..
"ഈ ഒലിപ്പീരു പ്രണയമൊന്നുമല്ല സാറേ ജീവിതം
എരിയുന്ന വയറിന്റെ വിശപ്പാണ് ലോകം...")

Monday 9 May 2011

അനര്‍ഹന്‍

  










          ഞാനെത്തുമ്പോള്‍ ദൂരെ എരിഞ്ഞടങ്ങുന്ന അസ്തമയത്തിലേക്ക് കണ്ണുംനട്ടിരിക്കയായിരുന്നു അച്ഛനുമമ്മയും. മാനേജര്‍ വിളിച്ചപ്പോള്‍ ഒഫ്ഫിസടക്കുന്നതിനെ മുമ്പേ എത്തിക്കോളാമെന്നു വാക്ക്കൊടുത്തതായിരുന്നു. ഭാഗ്യം. മാനേജര്‍ അവിടെത്തന്നെയുണ്ട്. അച്ഛന്റെ കണ്ണുകള്‍ വീണ്ടും കുയിഞ്ഞുവോ എന്നും അമ്മയുടെ കൃഷ്ണമണിയില്‍ ഇപ്പോഴും പഴയ നനവുണ്ടോ എന്നുമൊക്കെ നോക്കാന്‍ സമയമില്ലായിരുന്നു എനിക്ക്. വൃദ്ധസദനത്തിലെ ബാക്കിയുള്ള ഗഡുവും തീര്ത്തടച്ച് തിരിഞ്ഞു നടക്കുമ്പോള്‍ അച്ഛനുമമ്മയും വിളിച്ചത് ഒരേ സ്വരത്തിലായിരുന്നു.
"മോനേ...!!!"
          ആ വിളിയെന്റെ നെഞ്ചില്‍ കൊണ്ടോ? ഇല്ല... അപ്പോഴേക്കും "മോനേ" എന്ന വിളി കേള്‍ക്കാന്‍ താന്‍ അനര്‍ഹനായിത്തീര്‍ന്നിരുന്നല്ലോ!!
 
*********************
         ഇരുള്‍വീണു തുടങ്ങിയിരുന്ന റോഡിലെക്കെത്തിയതും നെഞ്ചിനുള്ളിലൊരു പിടച്ചില്‍. ആ സമയംതന്നെ കണ്‍മുന്നിലൂടെ വെപ്രാളത്തില്‍ എന്തോ ഒന്ന് ഓടിപ്പോവുന്നതും കണ്ടു. തമസ്സിന്റെ കട്ടിയിലേക്ക് പതിയെ കയറിപ്പോവുകയാണത്‌. ഇപ്പൊ കുറച്ചുകൂടെ വ്യക്തമായി കാണാം. അതിന് നാല് കാലുണ്ടായിരുന്നു. ഒരു വാലും. കൊമ്പുണ്ടോ എന്ന് മനസ്സിലാവുന്നില്ല.
         ഇടനെഞ്ചില്‍ വീണ്ടുമൊരു കൊള്ളിയാന്‍ മിന്നിയപ്പോയാണ് മറ്റൊരു സംശയം തോന്നിയത്. ഓടിപ്പോയത് മനസ്സാക്ഷിയാണോ?. തലപുകഞ്ഞു ചിന്തിക്കാന്‍ നോക്കിയപ്പോള്‍ തലച്ചോറിന്റെ സ്ഥാനത്തു വലിയ ഒരു ദ്വാരം മാത്രം. എന്നാലും... എന്നാലും എന്താവും ആ ഓടിപ്പോയത് ?
"മൃഗം"
         ആ ഇരുട്ടില്‍നിന്നൊരു വെളിച്ചം എന്നോട് പതിയെ പറഞ്ഞു. തിരിഞ്ഞു നോക്കിയപ്പോ ഒരു മിന്നാമിനുങ്ങ്‌ എന്നെ വലംവെക്കാതെ പറന്നുപോയി. അര്‍ഹിക്കുന്ന വിളിപ്പേര് കിട്ടിയ സന്തോഷത്തോടെ എന്റെ ദേഹം വീണ്ടും ഇരുട്ടിലേക്ക് ഊളിയിട്ടു.
                                     ---------- (മോന്‍സ്)
(2011 June 26 ലെ സൌദിയില്‍ നിന്ന് പുറത്തിറങ്ങുന്ന
"മലയാളം ന്യൂസ്‌" പത്രത്തില്‍ വെളിച്ചം കണ്ടത്..")

Wednesday 4 May 2011

പെയ്തോഴിയുന്നേരം














അബ്ബാദ്  ചെറൂപ്പ
  
പുറത്ത് ഒരു മഴക്കുള്ള കോളുണ്ടായിരുന്നു
വിതുമ്പലടക്കി നിന്ന ഞങ്ങളുടെ കണ്ണിലും...
"നിങ്ങള്‍ക്കെന്തു തോന്നുന്നു
പടിയിറങ്ങുമ്പോള്‍..?"
എന്റെ ചോദ്യത്തിനുത്തരം പറയാന്‍
ആയിരം നാവുണ്ടായിരുന്നു അവര്‍ക്ക്
എന്നിട്ടും... ആരും പറഞ്ഞില്ല.. ഒന്നും..
വെറുതെ ഒരു വാക്കില്‍
പറഞ്ഞു തീര്‍ക്കാന്‍ ആവുന്നതല്ലല്ലോ
ഒരു യുഗംപോല്‍ തീര്‍ന്നുപോയോരാ
കലാലയ സ്മരണകള്‍...

നിയോഗം പോലെ
വന്നു ചേര്‍ന്നവര്‍ നമ്മള്‍
നിറങ്ങളാടിയ സ്വപ്നലോകത്തു നിന്നും
കടുംപച്ചയായ ജീവിതത്തിലേക്ക്
അടിതെറ്റാതെ കയറിപ്പോവേണ്ടവര്‍ നമ്മള്‍

എല്ലാവരും വിതച്ചിട്ടുണ്ടിവിടെ
ഓര്‍മകളുടെ ഒരു തൈ
തനിച്ചാക്കരുതെ എന്ന് നിലവിളിച്ച ബെഞ്ചില്‍
ചങ്ങാത്തത്തിന്റെ ഒരു കയ്യൊപ്പ്..

ഇനിയും പറയാതെ പോയ വാക്കുകള്‍
സ്നേഹ നീരായി ഉറവകൊള്ളുമ്പോള്‍
നിര്‍വചിക്കാനാവാത്ത മോഹങ്ങളുമടക്കിപ്പിടിച്ചു 
ഇനി മടങ്ങാം.. അനിവാര്യമായ യാത്രയിലേക്ക്..
മറക്കാനാവാത്ത ഓര്‍മകളെ  മാത്രമാണോ
വിരഹം ഇത്രമേല്‍ ആര്ദ്രമാക്കുന്നത്?
കലാലയ ചുമരിലേക്കു തിരിഞ്ഞു നോക്കി
അപ്പോള്‍ പെഴ്തുതോര്‍ന്ന മഴയുടെ
കുളിര്‍മയിലെക്കിങ്ങിയപ്പോള്‍
അകലെ തെളിഞ്ഞ മഴവില്ലില്‍
എന്റെ ചോദ്യത്തിനുള്ള
ഉത്തരമുണ്ടായിരുന്നു...

(എന്റെ അനിയന്‍ അബ്ബാദ് എഴുതിയ ഒരു കവിത)

Wednesday 30 March 2011

കാറ്റിനോട് പറയാനുള്ളത്













പ്രകാശം ഒഴുകിവന്ന കിളിവാതിലുകള്‍
കാറ്റേ നീ വലിച്ചടച്ചപ്പോള്‍
നിന്നെ കുറ്റം പറഞ്ഞില്ല ഞാന്‍..

മുനിഞ്ഞു കത്തുന്ന ചെറുതിരിയുടെ
അവസാന നാളം അണക്കാനല്ലേ
പലപ്പോഴും
ശൂന്യതയുടെ ശക്തി മുഴുവന്‍
ആവാഹിച്ചു നീയെത്തുന്നത്...

അക്ഷരങ്ങളൊഴിഞ്ഞു കിടന്ന

മനസ്സിന്‍റെ ഒരു കോണില്‍
തമസ്സിന്‍റെ  തൂവലുള്ള ഒരു പ്രാവ് കുറുകി
നിലാവിന്റെ സ്വച്ചന്തതയിലേക്ക്
മനസ്സിനെ സ്വതന്ത്രമാക്കാന്‍
കഴിവില്ലാത്തവന്റെ വ്യഥ
അതിനറിയില്ലല്ലോ...

ആത്മാവിന്റെ ഇറയത്ത്‌ ഇറ്റിവീണു
തണുത്തുറഞ്ഞു പോയിരുന്ന കിനാക്കള്‍ക്ക്
നീറുന്ന ഓര്‍മ്മകള്‍ തീ പിടിപ്പിച്ചപ്പോള്‍
അത് കെടുത്താനോ, ആളിക്കത്തിക്കാനോ
നിന്നെ കണ്ടില്ലല്ലോ ഞാന്‍

നാളെയിലേക്ക് കണ്ണ് നടാനാവാതെ
ഓര്‍മകളില്‍ മാത്രം ജീവിച്ചു
വര്‍ത്തമാനത്തിനു അതീതനായിപ്പോയവനെ
നിനക്ക് പുല്കാനാവുമെങ്കില്‍
ഇനി നിനക്ക് വരാം..

നിന്റെ ഹുങ്കാരത്തിന് വഴങ്ങിതരും
എന്റെ നിശബ്ധത..
നിഴലിനെ പേടിച്ചു ഒതുങ്ങിനില്‍ക്കുന്ന
നുറുങ്ങുവെട്ടം പോലെ..

എന്റെ വാക്കുകളെ പോലും നെഴ്തെടുക്കുന്നത്
നീ തന്നെയാകുമ്പോള്‍

നിന്നെക്കുറിച്ചു
ഞാനെങ്ങനെ വാചാലനാകും...

എന്നാലും ഒന്ന് പറഞ്ഞു നിര്ത്തിക്കോട്ടേ..
മന്ദമാരുതനെ നമുക്കാശിക്കാം
കാറ്റിനെ പ്രതീക്ഷിക്കാം
നമ്മെ പുണരാനെത്തുന്നത് പക്ഷെ
പലപ്പോഴും കൊടുങ്കാറ്റാവും....

--------------------------------- മോന്‍സ്

Monday 14 March 2011

വിധിയുടെ യാത്രാമൊഴി










ജീവിതത്തിന്റെ വഴിത്താരയില്‍
മുന്നില്‍ വന്നുനിന്നു
വഴി തടഞ്ഞു വെല്ലുവിളിച്ചത്
വിധിയെന്ന ഒരാള്‍ മാത്രം...

നിനക്ക് വരയ്ക്കാത്തതാണ് 
ഇവിടെയധികമുള്ളതെന്ന് മന്ത്രിച്ച്‌
വിധി എനിക്ക് മുമ്പേ നടന്നു
എല്ലാം ആദ്യമേ വരച്ചുവെച്ച ദൈവത്തെ
മനസ്സാധ്യാനിച്ച്‌ ആ നിമിഷം...

സങ്കടം മനസ്സില്‍ കണ്ണീര്‍ മഴയായ്
തിമിര്‍ത്തു പെയ്യുമ്പോള്‍
ദൈവത്തിന്റെ കാതുകള്‍
കേള്‍ക്കാതെയായിപ്പോവുന്നതല്ല...

സന്തോഷം തിരതല്ലിയടിക്കുമ്പോള്‍
കൈകള്‍ രണ്ടും
ദൈവത്തിലെക്കുയരാന്‍
കൂട്ടാക്കത്തതാണ്  സങ്കടം...

അവധിയെത്തിയ ജീവനെ നോക്കി
മരണം കൊഞ്ചനം കുത്തികാണിക്കുംബോയും
ഇടക്കെപ്പോഴോ പാതിതുന്നി ഇട്ടേച്ചുപോയ
സ്വപ്നത്തിന്റെ ഒരു തൂവാലയെങ്കിലും
ബാക്കിയുണ്ടായിരുന്നെങ്കില്‍
എന്ന വ്യാമോഹം...

വിധിയില്‍ നിന്ന് ദൈവത്തിലേക്കും
കിനാവില്‍ നിന്ന് കണ്ണീരിലെക്കും
ഒരു പകല്‍ ദൂരം മാത്രം ‍
രാവണയുമ്പോള് നിഴല്‍ മാഞ്ഞുപോകും
വിധിയണയുമ്പോള്‍ നമ്മളും...

ഞാന്‍ മറഞ്ഞാല്‍
നിങ്ങള്‍ ഒരു മൂന്നുപിടി മണ്ണ്
എന്റെ ദേഹത്തേക്ക് എറിഞ്ഞെക്കണം
പകരം നിങ്ങള്‍ക്ക് ഞാന്‍
ഓര്‍മകളുടെ ഒരുപിടി വിത്തുകള്‍ തന്നേക്കാം
എവിടെ വിതച്ച്ചാലും
പുഞ്ചിരിയും കണ്ണീരും
ഒരുമിച്ചു കൊയ്യാവുന്ന വിത്തുകള്‍...

------------------------------------ മോന്‍സ്

Sunday 27 February 2011

കണ്ണാടിയില്‍ തെളിയാത്ത മുഖംമൂടികള്‍

"ഇനി നമുക്കൊരു കാപ്പി കുടിക്കാം"
ബന്ധവും ബന്ധനവും
ഒരു മേശക്കിരുപുറവും ഇരുന്നു
ഒരു മൌനത്തിന്റെ അകലത്തില്‍..

കാത്തിരിപ്പിന്റെ വിരസതക്കിടയില്‍
ബന്ധം സ്വന്തം നൂലിഴപിരിച്ചു നോക്കി..
കുറച്ചു നേരും ഒരുപാട് നുണയും
സൂചിപ്പഴുതില്‍  വീര്‍പ്പുമുട്ടുന്നത്‌ കണ്ടു..

അതിനിടക്കെപ്പെഴോ
ഓര്‍മയുടെ ഒരു കുപ്പിഗ്ലാസ്
നിലത്തുവീണ് ചിതറി..
പല കഷ്ണങ്ങളായി ചിതറിത്തെറിച്ച
മറവിയുടെ കുപ്പിച്ചില്ലുകള്‍ വാരിക്കൂട്ടി
എഴുന്നേറ്റു നോക്കുമ്പോള്‍
ബന്ധം ബന്ധനമായി മാറിയിരുന്നു
ബന്ധത്തിന്‍റെ കസേരയോ
ശൂന്യമായി കിടന്നു..

ആത്മബന്ധത്തിന്റെ വിരല്‍സ്പര്‍ശമേറ്റ്
വാചാലത മിണ്ടാതെയിരുന്നു..
മൌനത്തിനോ  രണ്ടു നാവുണ്ടായിരുന്നു.. 

ഇത് കണ്ണാടികള്‍ കള്ളം പറയുന്ന കാലം
ഓരോ നാടകം കഴിയുമ്പോഴും
ഓരോ മുഖംമൂടികള്‍ കൊഴിഞ്ഞു വീഴുന്നു..

Tuesday 15 February 2011

ഇവിടെ ഈ സങ്കല്‍പ്പതീരത്ത്...

നൈരാശ്യവും മോഹഭംഗങ്ങളും
തിരമാലകളായി  അടിച്ചുകയ
റുംമ്പോയും
ജീവിതത്തിലേക്ക് എന്നെ മാടിവിളിക്കുന്നത്
അകലെ കാണുന്ന ചക്രവാളത്തിന്റെ
അനന്തതയാണ് 

ഇന്ന്
എന്റെ സ്വപ്നങ്ങളെല്ലാം
ആ ചക്രവാളത്തിനു സമമാണ്..
അതിരുകളില്ലാതെ
പരന്നുകിടക്കുന്ന നീലാകാശം..

അതിനുമപ്പുറത്തേക്ക് ഞാനെന്തെങ്കിലും കാണുന്നുണ്ടെങ്കില്‍
അത്.. പ്രതീക്ഷയെന്ന പട്ടമാണ്...
കൂട്ടിക്കെട്ടാനുള്ള വെമ്പലില്‍
നൂലറ്റുപോവുന്ന പട്ടം 

ഒരിക്കല്‍ ആ പട്ടം
മഴയ്ക്കു ശേഷമുള്ള മഴവില്ല് കാണാന്‍
ത്തിവിട്ടതായിരുന്നു ഞാന്‍..
നൂ
ലറ്റു കടലില്‍ വീണുകുതിര്‍ന്നുപോയ പട്ടം
എന്നോട് പറഞ്ഞു
ഒരുപാട് കാര്യങ്ങള്‍.. 

ആശകള്‍ നൊമ്പരങ്ങള്‍ മാത്രം നല്‍കുന്നു
ആകയാല്‍ ആശകളെല്ലാം പ്രതീക്ഷക
ളാക്കുക
കാരണം മഴക്കും വെഴിലിനുമിടയില്‍
തെളിയുന്ന മഴവില്ല് പോലെ
കണ്ണീരിനും പുന്ചിരിക്കുമിടയില്‍
ഒരു തെളിഞ്ഞ മനസ്സുണ്ടാവും
എവിടെയെങ്കിലും..
പ്രതീക്ഷകള്‍ നമ്മെ വഴിനടത്തട്ടെ....