വെളുപ്പിനേ തുടങ്ങിയതാണ് മഴ. സമയമിപ്പോള്‍ പത്തുമണിയായിരിക്കുന്നു. പുലര്‍മഴയില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു ഞാന്‍. എവിടെ നിന്നൊക്കെയോ വന്നു ഒന്നായൊഴുകുന്ന മഴത്തുള്ളികള്‍. പിന്നെ ഇഴപിരിക്കാനാവാത്തവിധം അലിഞ്ഞു ചേരുന്നു. ചിലപ്പോള്‍ എവിടെയൊക്കെയോ തട്ടിതടഞ്ഞു വീണ്ടും പല വഴിക്ക് തിരിഞ്ഞു പോവുന്നു. മനുഷ്യബന്ധങ്ങളും ഇങ്ങനെതന്നെയാണ്. പലപ്പോഴും.
"ദാ, ചായ"
ഭാര്യ കടുപ്പത്തിലുള്ള ചായയുമായ് വന്നു.
"അല്ലാ, നിങ്ങള്‍ പോകുന്നില്ലേ?"
"പോണം, ഈ മഴയൊന്നു തോര്‍ന്നിട്ടാകാം എന്ന് കരുതി."
മഴ എത്ര നോക്കിനിന്നാലും മതിവരാത്ത അനുഭൂതിയാണ്. എത്രകേട്ടാലും മടുക്കാത്ത താളമാണതിന്. നോക്കിനോക്കി നില്‍ക്കെ മഴ തോര്‍ന്നു. മുറിയില്‍ ചെന്ന് വസ്ത്രം മാറി. പുറത്തേക്കിറങ്ങുന്നേരം ഭാര്യ വീണ്ടും ഓര്‍മിപ്പിച്ചു.
"ദേ, ..ങ്ങളെ ഉമ്മാനോട് ..ന്റെ അന്വേഷണം പറയാന്‍ മറക്കരുതേ.."
"ഇല്ല, മറക്കാതെ പറഞ്ഞോളാം.."
പടിവാതില്‍ ചാരുന്നതിനിടയില്‍ മറുപടി അവള് കേട്ടോ ആവോ.
റോഡിന്റെ വശം ചേര്‍ന്ന് നടന്നു. ഞായറാഴ്ച്ചയായതിനാലാവാം റോഡു വിജനമാണ്. ഈ വളവു തിരിഞ്ഞാല്‍ പിന്നെ ഇടവഴിയാണ്. വഴിയിലാകെ ചരല്‍കല്ലുകള്‍ പൊതിര്‍ന്നു കിടക്കുന്നു. മഴ നല്ലത് പോലെ തോര്ന്നിട്ടുണ്ടെങ്കിലും ഇടവഴിയിലെ മരങ്ങള്‍ മഴ ചാറ്റുന്നുണ്ടായിരുന്നു. നേരെ ചെന്നെത്തുന്നത് നാട്ടിലെ പ്രധാന പള്ളിയിലേക്കാണ്. പള്ളിക്ക് പിറകില്‍ വിശാലമായ പള്ളിക്കാട്. പറങ്ങിമാവുകള്‍ തണലിട്ട വഴിയിലൂടെ ഞാന്‍ നടന്നു. ഉമ്മാന്റെ ഖബറിന്നരികിലെത്തി. നിറം മങ്ങിത്തുടങ്ങിയ മീസാന്‍ കല്ലിനും ഖബറിന് മുകളില്‍ പടര്‍ന്നു നില്ക്കുന്ന കള്ളിചെടിക്കും ഒരേ പ്രായം. അന്ന് നട്ട കള്ളിചെടിയുടെ കൊമ്പ് ഇന്ന് പൂത്തുതളിര്‍ത്തു ഒരു തണലായി നില്ക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു തണലായി നിന്നതും ഉമ്മയായിരുന്നല്ലോ.
ആറു മാസം മുമ്പ് ഇതുപോലുള്ള ഒരു തണുത്ത വെളുപ്പാന്‍ കാലത്താണ് ഉമ്മ... നെറ്റിയില്‍ തൊട്ടപ്പോള്‍ അരിച്ചുകയറിയ തണുപ്പ് മനസ്സിന്റെ ആഴത്തിലെവിടെയോ പൊള്ളിച്ചു. ആ നീറ്റല്‍ ഇപ്പോഴും ഒരു കനലായി എരിഞ്ഞുകൊണ്ടിരിക്കുന്നു. ഹൃദയാഘാതമായിരുന്നു. അല്ലെങ്കിലും ഇത്രയധികം നൊമ്പരം ഉള്ളിലടക്കിപ്പിടിച്ചു ജീവിച്ച ഉമ്മാക്ക് ഹൃദയത്തിനല്ലേ അസുഖം വരൂ. ഇന്ന് ഉമ്മ, പ്രശ്നങ്ങളൊന്നുമില്ലാത്ത ലോകത്ത് ശാന്തമായുറങ്ങുന്നു. ദേ, ഇവിടെത്തന്നെ. ഉമ്മയറിയുന്നുണ്ടോ, ഉമ്മാന്റെ പൊന്നുമോന് ഇതാ ചാരെ വന്നു നില്ക്കുന്നു. പണ്ട് വിഷമങ്ങള്‍ വരുമ്പോള്‍ മുകളിലേക്ക് രണ്ടു കയ്യും ഉയര്‍ത്താന്‍ പഠിപ്പിച്ച ഉമ്മ താഴെ ഈ മണ്ണിലുറങ്ങുമ്പോള്‍ കണ്ണുകളെങ്ങിനെ മുകളിലേക്കുയരും? ഉമ്മാക്ക് പൊറുത്തുകൊടുക്കണേ എന്നതിനേക്കാളും ഞാന്‍ പ്രാര്‍ഥിക്കാറുള്ളത് ആ മനസ്സിലുണ്ടായിരുന്ന നന്മയുടെ വെളിച്ചം എന്റെ മനസ്സിലും നിറച്ചു തരണേ പടച്ചവനെ എന്നാണ്. ഉമ്മ, നിങ്ങള്‍ എന്നെ തനിച്ചാക്കിയെന്നു ഒരിക്കലും തോന്നിയിട്ടില്ല. കണ്ണ് നനഞ്ഞു പോവുമെങ്കിലും ഓര്‍ക്കാന്‍ സുഖമുള്ള ഒത്തിരി ഓര്‍മ്മകള്‍ ഉമ്മയെനിക്ക് ബാക്കി വെച്ചിട്ടില്ലേ. പിന്നെ ഉമ്മതന്നെ എന്റെ വലം കയ്യില്‍ ചേര്‍ത്തു വെച്ചുതന്ന എന്റെ ഭാര്യയും. ഉമ്മയോട് പ്രത്യേകം അന്വേഷണം പറഞ്ഞിട്ടുണ്ടവള്. അവളാണ് ഇന്നെന്റെ ഭാഗ്യം.
സലാം ചൊല്ലി തിരിച്ചുനടക്കാന്‍ നേരം ഒന്നുകൂടെ തിരിഞ്ഞു നോക്കി. ആ മീസാന്‍ കല്ലിന്റെ മുകളില്‍ നിന്നും ഇമനനയാതെ കണ്ണെടുക്കാന്‍ വല്ലാതെ പണിപെട്ടു. ഇപ്പോള്‍ ഒന്നുപെയ്തു തോര്‍ന്നെയുള്ളൂവെങ്കിലും മേലെ ആകാശത്ത് മേഘം മൂടികെട്ടി നില്ക്കുന്നു. തിമിര്ത്തുപെയ്യാന് വെമ്പിനില്ക്കുന്ന മഴക്കാറിനകത്തു ഉമ്മയുടെ മുഖം തെളിയുന്നുണ്ടോ? ഇല്ല. വെറുതെ ഓരോ തോന്നലാണെല്ലാം. പള്ളിക്കാട്ടില്‍ പടര്‍ന്നു നില്ക്കുന്ന മൈലാഞ്ചിച്ചെടികള്‍ വകഞ്ഞുമാറ്റി നടക്കുന്നതിനിടയില്‍ ഒരു മൈലാഞ്ചികൊമ്പ് നെറ്റിയില്‍ കൊണ്ടു. ചെറിയ വേദന തോന്നി. ഈ പള്ളിക്കാട്ടില്‍ ഇത്രയധികം മൈലാഞ്ചിച്ചെടികള്‍ ഉണ്ടായിട്ടും ഒരു പെണ്‍കുട്ടിയും ഈ വഴി വരാത്തതെന്തേ? ഈ മൈലാഞ്ചിയരച്ചു കൈകളിലിട്ടാല്‍ ആ കൈകള്‍ മാത്രമല്ല ചിലപ്പോള്‍ കണ്ണുകളും ചുവന്നേക്കാം. കാരണം, പൊള്ളുന്ന നേരിന്റെ അമ്പു നെഞ്ചില്‍ തറക്കുമ്പോയാണല്ലോ കരഞ്ഞുകലങ്ങി നമ്മുടെ കണ്ണുകള്‍ ചുവന്നു പോകുന്നത്.
പണ്ട് ഉമ്മ പറയുമായിരുന്നു:
"..മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
അതെ, ആ നേരിന്റെ ആഴങ്ങളില്‍ നിന്നാണല്ലോ ഈ മൈലാഞ്ചിച്ചെടികള്‍ മുളച്ചുപൊന്തുന്നത്. കണ്ണും കരളും ചുവന്നുപ്പോകും. ഉമ്മ പറഞ്ഞു തന്ന മരണമെന്ന സത്യത്തിലേക്ക് ആദ്യം നടന്നുപോയത് ഉപ്പയാണ്. ഇപ്പോള്‍ ഉമ്മയും.
******************************************************
വീട്ടില്‍ വന്നു കയറിയതും മഴ തുള്ളിക്കൊരുകുടം പെയ്യാന്‍ തുടങ്ങി. ജൂണ്‍ മാസം തുടങ്ങുന്നേയുള്ളൂ. ഇനിയിപ്പോ എന്നും നിര്‍ത്താത്ത മഴയായിരിക്കും.
"..ങ്ങള് കുടയെടുക്കാതെയാണല്ലേ പോയത്. എടുതുതരാന്‍ ഞാന്‍ മറന്നും പോയി. ഏതായാലും ..ങ്ങക്ക് നല്ല ഭാഗ്യാട്ടോ.. മഴവരുന്നതിന് മുമ്പേ ഇവിടെയെത്തിയില്ലേ.."
"എടീ.., അല്ലെങ്കിലും ലോകത്ത് ഏറ്റവും ഭാഗ്യമുള്ളവന് ഞാന്‍ തന്നെയാ.."
"ആരാ ..ങ്ങളോട് അങ്ങനെ പറഞ്ഞത്..?"
"ആരെങ്കിലും പറയണോ? സ്നേഹം നിറഞ്ഞ ഒരു ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞില്ലേ. അതുതന്നെയല്ലേ വലിയ ഭാഗ്യം. ഇനിയുമൊരുപാട് ആ ജന്മം ആ ഉമ്മാന്റെ മകനായി ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..."
ചെറുപ്പം തൊട്ടേ മനസ്സില്‍ കയറിക്കൂടിയ ഒരു സംശയമുണ്ടായിരുന്നു. ഞാന്‍ ഭാഗ്യവാനാണോ?. സ്കൂളില്‍ പഠിക്കുമ്പോള്‍ സഹപാഠികള്‍ തന്നെയാണ് ആ സംശയത്തിനു വിത്തുപാകിയത്.
"എടാ, നീ നല്ല ഭാഗ്യമുള്ളോനാ.. നോക്കിയേ, നിന്റെ രണ്ടു കണ്‍പുരികങ്ങളും കൂടിച്ചേര്‍ന്നിട്ടാണ്... പോരാത്തതിന് നഖത്തിന് മുകളില്‍ നിറയെ വെളുത്ത പുള്ളികളുമുണ്ടല്ലോ.."
പക്ഷെ, എനിക്കത് വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗോട്ടി കളിയിലും കണ്ണുപൊത്തിക്കളിയിലും വരെ തോറ്റുതൊപ്പിയിട്ടിരുന്ന ഞാനെങ്ങനെ ഭാഗ്യവാനാകും? ഇതൊക്കെ വെറുതെ പറയുന്നതാകുമോ? ഏതായാലും ഉമ്മയോട് തന്നെ ചോദിക്കാം.
ഈ കഥയൊക്കെ കേട്ടപ്പോള്‍ ഉമ്മ പൊട്ടിച്ചിരിക്കുകയായിരുന്നു.
" മോനെ, ഭാഗ്യമെന്നു പറയുന്നത് പുറമേ കാണാനൊന്നും കഴിയില്ല. അവരതുമിതുമൊക്കെ പറയും.."
ഉമ്മ ആശ്വസിപ്പിച്ചു. എന്നിട്ട് എന്റെ പുറത്തു തടവിയിട്ടു പറഞ്ഞു:
"ഭാഗ്യമുറങ്ങുന്നത് സ്വന്തം മനസ്സിന്റെ നന്മയിലാണ്. എല്ലാം തരുന്നത് പടച്ചോനല്ലേ. ആ പടച്ചോന് മ്മളെ മനസ്സിലെക്കല്ലേ മോനെ നോക്കൂ.."
പുറത്തിപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയെത്തുന്നത് പലപ്പോഴും കണ്ണീരിന്റെ നനവോടെയാണ്. പണ്ട് ഇതുപോലൊരു പെരുമഴക്കാലത്താണ് ഉപ്പ മരിച്ചത്. അന്ന് ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുകയായിരുന്നു. മുക്കുവന് ആയിരുന്നു ഉപ്പ. വെയിലുദിക്കുമ്പോഴേക്കും പങ്കായവും മീന്‍ വലയുമായ് ഉപ്പ പോകും. ഉമ്മയും ഞാനും അനിയനും രാത്രി വൈകും വരെ ഉപ്പയെയും കാത്തു കോലായിലിരിക്കും. വരുമ്പോള്‍ വലത്തേ കയ്യില്‍ വലിയൊരു മീനും ഇടത്തെ കയ്യില്‍ ഉപ്പയെ പോലെ നീണ്ടു മെലിഞ്ഞ ഒരു ടോര്ച്ചുമുണ്ടാകും. ഇടിയും മിന്നലും മാറി മാറിയെറിഞ്ഞു പെയ്യുന്ന ഒരു മഴക്കാല രാത്രി. അന്ന് പക്ഷെ, ഉപ്പ വന്നത് ഒറ്റക്കല്ലായിരുന്നു. ചൂട്ടിന്റെ വെളിച്ചത്തില്‍ കുറച്ചാളുകളുടെ നിഴലുകളാണ് ആദ്യമെത്തിയത്. മുന്നില്‍ വന്ന അയല്‍വാസി അസീസ്ക്കന്റെ തോളില്‍ കിടക്കുകയായിരുന്നു ഉപ്പ. പിന്നാലെ പത്തോളം നാട്ടുകാരും. ഉപ്പാനെ കോലായിലേക്ക് കിടത്തി.
"കടലിളകിയിരിക്കുകയായിരുന്നു. ഞാന്‍ കുറേ പറഞ്ഞതാ പോണ്ടാന്നു.. കേള്‍ക്കണ്ടേ.. കടലടങ്ങിയപ്പോ കരയില്‍ മരിച്ചുകിടക്കുകയായിരുന്നു.."
വിതുമ്പലോടെയാണ് അസീസ്ക്ക പറഞ്ഞു നിര്‍ത്തിയത്.
ഒരു നോട്ടം നോക്കാനേ ആയുള്ളൂ.. കണ്ണുകളില്‍ നിന്ന് ഒരു കടല്‍ തന്നെ ഒഴുകിവരുന്നത് പോലെ. നിന്നനില്‍പ്പില്‍ ഭൂമി തന്റെ ചുറ്റും കറങ്ങുന്ന പോലെ. ഏതോ തിരക്കിനിടയില്‍ ഉപ്പയുടെ ചൂണ്ടുവിരലില്‍ നിന്നും പിടിവിട്ടു ആരവങ്ങള്‍ക്കിടയില്‍ ഒറ്റപ്പെട്ടുപോയത് പോലെ ഞാന്‍ ഏങ്ങി നിന്നു. ഉമ്മയുടെ ശബ്ദം അടഞ്ഞുപോയത് പോലെ. എന്തൊക്കെയോ പിറുപിറുക്കുന്നു. ഒരുവാക്കും പുറത്തേക്കു കേള്‍ക്കാനാവുന്നില്ല. എന്താണ് സംഭാവിച്ചതെന്നറിയില്ലെങ്കിലും കരഞ്ഞു മൂക്കൊലിപ്പിച്ചു ഒരു മൂലയിലൊതുങ്ങി നില്ക്കുന്ന അനിയന്. മേലെ പാകിയ ഓടിന്റെ ചോര്‍ച്ചയിലൂടെ വെള്ളം ഇറ്റിവീണുകൊണ്ടിരുന്നു. മഴവെള്ളം മയ്യിത്തിന്റെ മുകളില്‍ വീഴാതിരിക്കാന്‍ കുറച്ചു മാറ്റിക്കിടത്തി. ആ വെള്ളം കോരിയെടുക്കാന്‍ ബക്കറ്റും ഒരു കഷ്ണം തുണിയുമായി ഉപ്പയുടെ മയ്യിത്തിനരികില്‍ തേങ്ങിക്കരഞ്ഞു നില്ക്കുന്ന എന്നിലെ പത്തുവയസ്സുകാരന്റെ മനസ്സന്നു വല്ലാതെ നീറിയിരുന്നു.
പിന്നീടങ്ങോട്ട് ഉമ്മ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കരഞ്ഞു മൂക്കുതുടച്ചു വീട്ടില്‍ തന്നെ ചുറ്റിപ്പറ്റി നിന്നിരുന്ന ബന്ധുക്കളെ പിന്നീടാ വഴിക്ക് കണ്ടില്ല. മറ്റു വീടുകളില്‍ ജോലിക്ക് പോയി ഉമ്മ ഞങ്ങളെ വളര്‍ത്തി. ജോലി എവിടെയായിരുന്നാലും വൈകിട്ട് ഞങ്ങള്‍ സ്കൂള്‍ വിട്ടു വീട്ടില്‍ വരുമ്പോള്‍ ഉമ്മ അടുക്കളയിലുണ്ടാകുമായിരുന്നു. ഉമ്മയുടെ വിതുമ്പലുകളും നെടുവീര്‍പ്പുകളും മാത്രമായിരുന്നു അന്നേരം അടുക്കളയില്‍ നിന്നുയര്‍ന്നിരുന്നത്. തീക്ക ലിനേക്കാളും ചൂടില്‍ തിളച്ചുമറിഞ്ഞു പുറത്തേക്കു തൂവിയിരുന്നത് ഉമ്മയുടെ മനസ്സ് തന്നെയായിരുന്നു. ദാരിദ്ര്യത്തിന്റെ ഒരു കര്‍ക്കിടക കാലം. നിര്‍ത്താതെ പെയ്യുന്ന വിശപ്പിന്റെ മഴ. അതും ഇല്ലാഴ്മയുടെ ഒത്ത നടുവിലേക്ക്.
മഴയും വെയിലും ഇണകൂടും നേരം ക്ഷണിക്കാതെ വിരുന്നെത്തുന്ന മഴവില്ല് പോലെ ആ ക്ഷാമകാലമെല്ലാം പതിയെ ക്ഷേമത്തിനു വഴിമാറി. സന്തോഷം കളിയാടിയ ദിനരാത്രങ്ങളായിരുന്നു പിന്നീട്. വീട് പുതുക്കിപ്പണിതു. എനിക്ക് പഠിച്ചു പാസായി ഒരു നല്ല ജോലി ലഭിച്ചത് ഉമ്മയുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമായിരുന്നു. സമയമായപ്പോള്‍ ഉമ്മ തനിക്കുവേണ്ടി ഒരു പെണ്‍കുട്ടിയെയും ചൂണ്ടിക്കാണിച്ചു തന്നു. നന്മ നിറഞ്ഞ ഒരു ഭാര്യ.
******************************************************
"അയ്യേ.. ങ്ങളെന്താ കരയുകയാണോ..?"
ഭാര്യയാണ്. ഞാന്‍ കണ്ണീര് തുടച്ചുകളഞ്ഞു.
"ഏയ് ഒന്നുല്ല്യ. കണ്ണിലെന്തോ കരടു പോയതാണ്.."
"എന്നോടെന്തിനാ കള്ളം പറയുന്നേ.., ..നിക്കറിയാം ങ്ങള് ഉമ്മാനെ പറ്റി ചിന്തിച്ചിരിക്കുകയായിരുന്നല്ലേ.. ങ്ങളിങ്ങനെ വിഷമിച്ചിരുന്നാല്‍ മരിച്ചവര്‍ തിരിച്ചു വരോ..?"
അറിയാം.. പക്ഷെ നമ്മെ തനിച്ചാക്കിപ്പോകുന്നവര്‍ ഇടയ്ക്കെല്ലാം തിരിച്ചുവരാറുണ്ട്. ഇതുപോലെ കനലോടുങ്ങാത്ത ഓര്‍മകളായി. അത് നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. ഓര്‍മ്മക്കൂട് തുറക്കുമ്പോഴെല്ലാം കണ്ണിലെ കൃഷ്ണമണിയുടെ ആഴങ്ങളില്‍ നിന്നും ഒരു കണ്ണീര്‍ത്തുള്ളി പറന്നുപോവും. എന്നിട്ട് അകലെയെവിടെയോ ഒരു നക്ഷത്രമായി മാറും. മറവിയുടെ ഉള്ളിലേക്ക് വീശുന്ന വെളിച്ചമായി ആ നക്ഷത്രമങ്ങിനെ ഉദിച്ചു നില്ക്കും.
മഴയെ കീരിമുറിക്കാനെന്ന പോലെ ശക്തമായ ഒരിടിവെട്ടി. കൂടെ മിന്നലും. കരണ്ടുപോയി. ഇപ്പോഴിങ്ങെനെയാണ്. ഒരു നല്ല മഴ പെയ്യുമ്പോഴേക്കും കരണ്ടുപോകും. ആകാശം മൂടിക്കെട്ടിയിരുന്നു. ഇപ്പോള്‍ റൂമില്‍ കട്ടിയുള്ള ഇരുട്ടാണ്.
ഒരു മണ്ണെണ്ണ വിളക്ക് കത്തിച്ചുവെച്ചു. അതിന്റെ തിരിനാളം കണ്ടപ്പോഴേക്കും ഓര്‍മ്മകള്‍ പിന്നെയും കൈപിടിച്ച് കൊണ്ടുപോയി. ഇന്നലെകളിലേക്ക്. പണ്ട് കരണ്ട് കണക്ഷന് ലഭിക്കാത്ത സമയത്ത് ഇരുട്ട് വീഴുന്നതിനു മുമ്പേ ഉമ്മ വിളക്ക് കത്തിച്ചു വെക്കും. ചിലപ്പോള്‍ കാറ്റ് വന്നു വിളക്കിലെ വെളിച്ചം കെടുത്തിക്കളയും. അപ്പോള്‍ ഉമ്മ അകത്തുനിന്നും വിളിച്ചു പറയും:
"മോനെ വിളക്ക് കുറച്ചു ഉള്ളിലെക്കെടുത്തുവെക്ക്. എന്നിട്ട് വേറെ രണ്ടു വിളക്ക് കൂടി കത്തിച്ചുവെക്ക്"
ഞാന്‍ ആദ്യത്തെ വിളക്ക് കത്തിച്ചതിനു ശേഷം രണ്ടാമത്തെ വിളക്ക് കത്തിക്കാന്‍ പിന്നെയും തീപ്പെട്ടിയുരച്ചു. അന്നേരം ഉമ്മ എന്നെനോക്കി ചിരിച്ചു. ഒരുപാട് നേരം.
"മോനെ, നീയെന്താ ഈ കാണിക്കുന്നേ.. ഒരു വിളക്കിന്റെ തീയ്യില്‍ നിന്നും മറ്റേ വിളക്കെല്ലാം കത്തിച്ചു കൂടെ..?"
അന്നേരം എന്റെ വിവരക്കേട് ഓര്‍ത്തു ഞാനും ചിരിച്ചു. സൈക്കിളില്‍ നിന്നുവീണ ചിരി. ആ വാക്കുകളില്‍ നിന്നും എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി. ഉമ്മ കാണിച്ചുതന്നത് അതാണ്. മറ്റുള്ളവരെ നന്നാക്കാന്‍ പോകുന്നതിനു മുമ്പ് സ്വയം നന്നാവുക. ആ മനസ്സിലെ വെളിച്ചം പിന്നെ ഒരായിരം പേര് കണ്ടുപടിക്കും. ഞാനാദ്യം കണ്ട വെളിച്ചം എന്റെ ഉമ്മയുടെ മനസ്സില്‍ നിന്നുള്ളത് തന്നെയായിരുന്നു. ആ വെളിച്ചത്തിന് ഒരു ആത്മാവുള്ളത് പോലെ തോന്നിയിരുന്നു. അല്ല, ഉണ്ടായിരുന്നു. കേട്ടുപോകുന്നത് വരെ മുനിഞ്ഞുകത്തുന്ന വെള്ളിവെളിച്ചം തന്നെയാണല്ലോ ഏതൊരു തിരിനാളത്തിന്റെയും ആത്മാവ്.
പുറത്തു മഴ തോര്‍ന്നെന്നു തോന്നുന്നു. ചാരിയിട്ട ജനവാതിലിന്റെ വിടവിലൂടെ വെളിച്ചത്തിന്റെ ഒരു കീര്‍ അരിച്ചെത്തി. വെയിലുദിച്ചതാണ്. നേരിട്ട് കണ്ണിലേക്കു പതിച്ച പ്രകാശം ആദ്യം കണ്ണിനെ വിഷമിപ്പിച്ചുവെങ്കിലും പതിയെ ഒരു കുളിര് കോരിയിട്ടു. പെട്ടെന്ന് കരണ്ടും വന്നു.
"ദേ, ചോറ് ആയിട്ടുണ്ടേ, വരൂ കഴിക്കാം..."
സമയം പോയതറിഞ്ഞില്ല. നേരം ഉച്ചയായിരിക്കുന്നു.
"ദാ വരുന്നൂ.."
ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജനവാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....
--------------------------------------------- മോന്‍സ്
55 comments:
ഹക്കീം
ഒത്തിരി സങ്കടത്തോടെ വായിച്ചു തീര്‍ത്തു ഈ കഥ,
അല്ലെങ്കിലും വേര്‍പ്പാടിന്റെ കഥ വായിക്കുമ്പോള്‍ എന്റെ കണ്ണുകളും ആര്ദ്രമാവും.
ഈ കഥയില്‍ സ്നേഹമുണ്ട്, നന്മയുണ്ട് , കടപ്പാടുണ്ട്, സാന്ത്വനമുണ്ട് .
നൊമ്പരം പേറുന്ന വരികള്‍. .
നല്ലൊരു കഥയ്ക്ക് എന്റെ അഭിനന്ദനങ്ങള്‍
ഒരു മറക്കാന്‍ കഴിയാത്ത അനുഭവം പോലെ.. ഹൃദയത്തോട് ചേര്‍ന്ന് നില്ക്കുന്ന കഥ. നന്നായി എഴുതി.. അമ്മ തന്നെ നന്മ
ഹൃദയസ്പര്‍ശിയായ കഥ... ആശംസകള്‍..!
ഹക്കീം..
അധികം വലിച്ചു നീട്ടാതെ കുഴപ്പമില്ലാത്ത രീതിയില്‍ കഥ പറഞ്ഞിരിക്കുന്നു.
അഭിനന്ദനങ്ങള്‍
www.muttayitheru.blogspot.com
ഇതില്‍ ഞാന്‍ എന്നെ കാണുന്നു . എന്റെ ഉമ്മയെ കാണുന്നു .. എന്നെ വിട്ടു പിരിഞ്ഞ എന്റെ ഉമ്മയുടെ ഓര്‍മ്മകള്‍ എന്നെ തഴുകിയെത്തി ഉമ്മയുടെ ലാളന.. ഉമ്മ കഷ്ട്ടപ്പെട്ട് ഞങ്ങളെ പോറ്റി വളര്‍ത്തിയത് . ഞങ്ങള്‍ക്ക് വേണ്ടി ഉറുമ്പ് ഭക്ഷണം സ്വരൂപിക്കുംപോലെ പകലന്തിയോളം പണിയെടുത്തു ഞങ്ങളെ വളര്‍ത്തിയത് ... ഈ എഴുത്തിനു ഉമ്മയുടെ മണം... .
mons nannayeeetttttto ente abhinandanangal
പുറത്തിപ്പോഴും മഴ തിമിര്‍ത്തു പെയ്യുകയാണ്. മഴയെത്തുന്നത് പലപ്പോഴും കണ്ണീരിന്റെ നനവോടെയാണ്. പണ്ട് ഇതുപോലൊരു പെരുമഴക്കാലത്താണ് ഉപ്പ ........................good
നന്നായിട്ടുണ്ട് മോന്‍സ് ...വരയും കഥയും ഒക്കെ ....!
ഒരുപാട് സങ്കടങ്ങള്‍ മറച്ച് വെക്കുന്നവരാണ് നമ്മുടെ അമ്മമാര്‍, എനാലും അവര്‍ ചിരിക്കും, ആ ചിരി മതി ......
അമ്മ, ഒരു നിറ നിലാവ്പോലെ, നിലാ മഴയില്‍ നിറഞ്ഞൊഴികുന്ന തടാകമ്പോലെ
good പോസ്റ്റ്
ആ നേരിന്റെ ആഴങ്ങളില്‍ നിന്നാണല്ലോ ഈ മൈലാഞ്ചിച്ചെടികള്‍ മുളച്ചുപൊന്തുന്നത്. കണ്ണും കരളും ചുവന്നുപ്പോകും.
അതേ...
കണ്ണും കരളും ചുവന്നുപോയി.... മനസ്സിനെ വിഷാദം കൊണ്ട് നിറച്ചു.... ഇതിന് അഭിപ്രായം എഴുതാൻ പോലും സാധിക്കാത്ത വിഷാദം...
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളാണ് നിന്റേത്...
അഭിനന്ദിക്കാന്‍ എന്റെ വാക്കുകള്‍ തികയില്ല.....
അഭിനന്ദനങ്ങള്‍.
ഹൃദയസ്പര്‍ശിയായ ഈ കഥക്ക് മോന്സിനോടുള്ള എന്റെ പ്രതികരണം കേവലമായ അഭിനന്ദനവാക്കുകള്‍ കൊണ്ട് പറഞ്ഞൊതുക്കാന്‍ കഴിയുന്നതല്ല.മോന്സിന്റെ ചിന്തയിലും എഴുത്തിലുമൊക്കെ 'ഉമ്മ'നിറഞ്ഞുനില്ക്കുന്നതും അത് താങ്കളുടെ ഹൃദയവിശുദ്ധിയെ ശോഭായമാനമാക്കുന്നതും ഇതിനു മുമ്പുതന്നെ എനിക്ക് അനുഭവവേദ്യമായിട്ടുണ്ട്.
ഭംഗിയായി എഴുതി അനുഭവിപ്പിച്ചു.
itz not a story, itz life... Good one dear...! Keep it up
മോന്സിന്റെ കഥ വായിച്ചപ്പോള്‍ .... മണ്മറഞ്ഞു പോയ എന്റെ
മാതാ പിതാക്കളെ ഓര്‍ത്തു.... അക)ലത്തില്‍ വേര്‍പിരിഞ്ഞു പോയ എന്റെ കുഞ്ഞിപ്പെങ്ങളെ ഓര്‍ത്തു.....
മരിച്ചു പോയ മറ്റു സഹോദരങ്ങളെയും..............
ആര്‍ദ്രതയുള്ള നല്ല വരികള്‍ മോന്‍സ്... കൂടുതല്‍ എഴുതുക....
അഭിനന്ദനങള്‍!!!
ഹൃദയത്തെ തൊട്ട കഥ.
അമ്മ മനസ്സേ നിനക്ക് പ്രണാമം.
ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജനവാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....
yes..thats it
no other way
good work mons
ishttayi
ഉമ്മ പകർന്ന് നൽകുന്നതാണു യഥാർത്ഥ വെളിച്ചം അതെന്നും തിളങ്ങി വിളങ്ങി നിൽക്കും, നഷടപ്പെടലുകളുടെ വേദന അത് ഒരിക്കലും മായ്ക്കപ്പെടുകയില്ല, ഇടക്കിടെ നമ്മേ തേടിയണയും, വീണ്ടും പറന്നകലും, ഹൃദയ നുറുങ്ങുന്ന വേദന എന്നിലും ഇത് വായിക്കുമ്പോൾ അനുഭവപ്പെട്ടു, എല്ലാവർക്കും മാതാവിനേ മറ്റെന്തിനേക്കാലും സ്നേഹമായിരിക്കും, അതില്ലാതായവർക്ക് ഈ കഥ ഒരു തുള്ളി മിഴിനീർ തൂകാതെ വായിക്കാൻ കഴിയില്ല. നല്ല നിലയിൽ അത് വിവരിച്ച മോൻസിനു എന്റെ അഭിനന്ദങ്ങൾ.
നന്നായി എഴുതി.ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളാണ്....
ആശംസകള്‍..!
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളാണ് നിന്റേത്...
അഭിനന്ദിക്കാന്‍ എന്റെ വാക്കുകള്‍ തികയില്ല.....
"അമ്മയും നന്മയും ഒന്നാണ്" എന്ന് തുടങ്ങുന്ന ഒരു പാട്ട് ഓര്‍ത്തു പോകുന്നു..
നന്മയുള്ള കഥ.. ഹക്കീം വളരെ ഹൃദയഹാരിയായി പറഞ്ഞു.. കവിത പോലെ സുന്ദരമായ ഭാഷാ ശൈലിയും ഒപ്പം നന്മ നിറയ്ക്കുന്ന കുറെ ചിന്തകളും സമ്മാനിക്കുന്നു ഈ കഥ.. നന്ദി.. നല്ലൊരു വായന തന്നതിന്..
ചിലയിടങ്ങളില്‍ കൊച്ചു കൊച്ചു അക്ഷരത്തെറ്റുകള്‍ കണ്ടു.. എടുത്തു പറയുന്നില്ല.. സമയമെടുത്തു ശ്രദ്ധിച്ച് അവ തിരുത്തുക.. ഇനിയും നല്ല കഥകള്‍ എഴുതാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു..
മനസ്സിൽ തൊട്ടു. ഉമ്മമാർ അങ്ങിനെയാണ്. എല്ലാം സഹിച്ചും ത്യജിച്ചും മറ്റുള്ളവർക്ക് വെളിച്ച്മേകി കത്തിത്തീരുന്നു.
ഓരോ തിരിനാളവും അടുത്ത വിളക്കിലേക്ക് പകരാനുള്ളതാണ്. അങ്ങിനെയങ്ങിനെ ഒരായിരം വിളക്കുകള്‍ക്കു തെളിച്ചമാകാന്‍ മുനിഞ്ഞു കത്തുന്ന ഒരു തിരിനാളം മതി.....
-------------------------------------
വളരെ നന്നായി വരച്ചിട്ടിരിക്കുന്നു മാതാപിതാക്കലുമായുള്ള ഈ ആത്മബന്ധം ...മനോഹരമായ വരികള്‍ ,ഒഴുക്കോടെ പറഞ്ഞു!! അഭിനന്ദനങ്ങള്‍....
ഈ വഴിവന്ന് ഒരു അഭിപ്രായം കോറിയിട്ട് പോയ എന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ഒരുപാട് നന്ദി.
ഒരുവര്‍ഷം മുമ്പേ മനസ്സില്‍ കയറിക്കൂടിയ ഒരു കഥയാണ് ഇത്. ഇങ്ങനെയാക്കി തീര്‍ക്കാന്‍ കുറച്ചു സമയമെടുത്ത്.
എഴുതാനുള്ള മടി തന്നെയാണ് കാരണം. ഇപ്പോള്‍ നിങ്ങളുടെയൊക്കെ അഭിനന്ദങ്ങള്‍ കാണുമ്പോള്‍ വലിയ സന്തോഷം തോന്നുന്നു.
ഞാന്‍ അതികം വായിച്ചിട്ടുള്ള ആളല്ല. ആകെ വായിച്ച മലയാള നോവല്‍ ബഷീറിന്റെ "പാത്തുമയുടെ ആടും" . ബാല്യകാലസഖി" യും മാത്രം. ഞാന്‍ എഴുതിയ ഈ കഥയിലെ പല സംഭാഷണങ്ങളും സ്വന്തം ജീവിതത്തില്‍ നിന്നടര്തിയെടുത്തത് തന്നെയാണ്. അത് കൊണ്ടാകും ഈ കഥയെഴുതിയപ്പോള്‍ എന്റെ കണ്ണീര് പൊടിഞ്ഞതും വായിക്കുമ്പോള്‍ നിങ്ങളുടെ കണ്ണുകള്‍ ആര്‍ദ്രമാകുന്നതും..
"ഓരോ ഉമ്മക്കും മകനുമിടയില്‍ ആ ഉമ്മക്കും മകനും മാത്രം മനസ്സിലാവുന്ന ഒരു പ്രത്യേക ബന്ധമുണ്ട്. "
ഈ കഥ എഡിറ്റ് ചെയ്തു തന്ന ഹംസ ആലുങ്ങല്‍ സാറിനെയും കഥക്കനുയോജ്യമായ ചിത്രം വരച്ചു തന്ന എന്റെ സുഹൃത്ത് അന്‍ഷാദിനെയും ഞാനീ അവസരത്തില്‍ നന്ദി പറയുന്നു.
ഇനിയും ഇത് വഴി വരണമെന്ന് പറഞ്ഞു നിര്‍ത്തുന്നു...
ഇപ്പൊഴാണിതിനെ വെളിച്ചം കാണിച്ചതല്ലേ..എത്ര നാളുകള്‍ക്കു മുമ്പ് എഴുതിയതാണിതു. ചൂളയിലിട്ട് പഴുപ്പിച്ച് നല്ല പാകമാക്കി എടുത്തിരിക്കുന്നു. ഞാന്‍ നേരത്തെ വായിച്ചതാണെങ്കിലും ഇപ്പോള്‍ വായിക്കുമ്പോള്‍ കൂടുതല്‍ മധുരം..ഞാന്‍ ഇനിയും വരും, മോന്‍സ് ഇനിയും എഴുതുക..
ഹൃദയത്തിലെ നന്മകൾ കെടാതെ സൂക്ഷിക്കാനാകട്ടേ ഉമ്മയും നന്മയും
ഞാൻ എന്റെ അമ്മയെ ഓർക്കുന്നു.. നന്ദി
ആസംസകൾ
എന്താ പറയാ... മോന്‍സ്..
ഉമ്മാന്റെ സ്നേഹം പച്ചയായികാണ്ച്ചു.. കൂടെ സ്നേഹിതയായ ഭാര്യയേയും.. ഇതെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വലിയമനസ്സ് എവിടുന്നാ കിട്ടിയത്... തീര്‍ച്ചയായും ഭാവിയില്‍ ഒരുപാട് പ്രതീക്ഷിക്കുന്നു നിന്റെ സ്നേഹത്തിന്റെ വരികള്‍...
നനഞ്ഞകണ്ണുകളോടെ..
ബാവാസ്..
ഹക്കീം.. മനസ്സില്‍ സ്നേഹത്തിന്റെ ഒരു കൈത്തിരിയും കത്തിച്ചു വെച്ച് പോയ ഉമ്മയുടെ ഓര്‍മ്മകള്‍ എത്ര ഹൃദയസ്പര്‍ശിയായാണ് വരച്ചിട്ടത്. മനസ്സില്‍ തൊട്ട വരികള്‍.. ഭാവിയില്‍ ഒരു പാട് വിളക്കുകള്‍ ഈ തിരിനാളത്ത്തില് നിന്നും തെളിയട്ടെ.. ഹൃദയം നിറഞ്ഞ ആശംസകള്‍..
മോന്‍സ്.. ഹൃദയസ്പര്‍ശിയായി എഴുതി.. അഭിനന്ദനങ്ങള്‍...
.മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
Katha ishtamaayi..
Oduvile message athilere ishtamaayi..
-Musammil
ഹൃദയസ്പര്‍ശിയായ കഥ. നന്നായി തന്നെ പറഞ്ഞു......സസ്നേഹം
മുനിഞ്ഞുകത്തുന്ന വെള്ളിവെളിച്ചം തന്നെയാണല്ലോ ഏതൊരു തിരിനാളത്തിന്റെയും ആത്മാവ്. .... അതെ മോന്‍സ് ... അത് മാതാവാണെങ്കില്,,,,,,, മനസ്സിനുള്ളില്‍ ഒരു കാലവും അണയാതെ മുനിഞ്ഞു കത്തി കൊണ്ടേയിരിക്കും ,,,,,, നന്നായി എഴുതി ആശംസകള്‍
ഹൃദയത്തെ തൊട്ടുണർത്തുന്ന വരികളാണ്
വായിച്ചിട്ട് കണ്ണില്‍ ഈറനണഞ്ഞു.വരരെ നന്നായിരിക്കുന്നു,അഭിനന്തനങ്ങള്
നൊമ്പരപ്പെടുത്തിയല്ലോ ഹക്കീം..
നിയ്ക്ക് ഒന്നും പറയാന്‍ കിട്ടണില്ലാ..ഞാന്‍ ഒരു ഗാനം തരാം ...
മഴ പെയ്താല്‍..
മഴ പെയ്താല്‍ കുളിരാണെന്ന് എന്റമ്മ പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് എന്റമ്മ പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര് കൊണ്ടു ഞാന്‍
മഴവില്ലിന് നിറമേഴും കണ്ടു ഞാന്‍
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ
തിരികെ തരൂ....
വഴിമരങ്ങള്‍ നിന്നരുളാല്‍
തണലേകി നില്‍ക്കുമെന്നമ്മ പറഞ്ഞു
ഒഴുകിവരും പുഴകളെല്ലാം
ഓശാനപടുമെന്നമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....
കരുണയേകും കാറ്റില്‍ നീ
തഴുകുന്ന സുഖമുണ്ടെന്നമ്മ പറഞ്ഞു
മിഴിനീരും നിന് മുന്നില്‍
ജപമാലയാണെന്നെന്റമ്മ പറഞ്ഞു
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെയമ്മയെ തിരികെ തരൂ...
തിരികെ തരൂ....
മഴ പെയ്താല്‍ കുളിരാണെന്ന് അവളന്നു പറഞ്ഞു
മഴവില്ലിന് നിറമുണ്ടെന്ന് അവളന്നു പറഞ്ഞു
മഴ കണ്ടു ഞാന്‍ കുളിര് കൊണ്ടു ഞാന്‍
മഴവില്ലിന് നിറമേഴും കണ്ടു ഞാന്‍
വ്യാകുലമാതാവേ ഈ ലോകമാതാവേ
നീയെന്റെ നന്ദിനിയെ തിരികെത്തരൂ
തിരികെത്തരൂ...
മഴ പലപ്പോഴും നൊമ്പരങ്ങള്‍ ആണ് സമ്മാനിക്കാറുള്ളത്..ഈ കഥയും ഒരു മഴ പോലെ മനസ്സിലേക്ക് പെയ്തിറങ്ങി... നന്നായിരിക്കുന്നു ഇക്കാ.. ഇനിയും വരാട്ടോ...ബൈ..
നന്ദി എന്റെ ഉമ്മനോടുള്ള സ്നേഹം കുട്ടന് സഹായിക്കുന്നതിനു.
valare nalla oru katha pole oru jeevitham .hakeem ningal bhagyamullavan thanne ,shamsayamilla
"..മ്മളെ ജീവിതത്തിലെ ഏറ്റവും വലിയ നേര് എന്താന്നറിയോ? അത് മരണമാണ്.."
ങ് ള്‍ ആളെ കരയിപ്പിക്കാൻ നൊമ്പു നോറ്റിരിക്കാ!
സുബ്രമണ്യൻ റ്റി ആർ
വായിക്കുകയും എഴുത്ത് ഇഷ്ടപ്പെടുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി. ഈ കഥ നിങ്ങളുടെ ഉമ്മയെ/അമ്മയെ ഒരു നിമിഷം ഓര്‍മയില്‍ കൊണ്ടുവന്നെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി....
നിന്റെ കഥ വായിക്കാൻ ഒരു നല്ല സമയം തിരഞ്ഞെടുക്കണമെന്ന് ഞാൻ മുന്നെ തീരുമാനിച്ചിരുന്നു, ഇന്നു ഞാനീ കഥ വായിച്ചു തീർത്തു, ജീവിച്ചിരിക്കുന്ന എന്റെ ഉമ്മയെ എത്ര സ്നേഹിച്ചാലും മതിവരാത്ത എനിക്ക് മരണമെന്ന നിത്യസത്യത്തിലേക്ക് അവർ പോകുമെന്ന് ഒരു കണ്ണീരോടെ മനസ്സിലാക്കേണ്ടി വരുന്നു..
രണ്ടക്ഷരം കൊണ്ട് എഴുതാവുന്ന ഏറ്റവും വലിയ വാക്കാകണം ഉമ്മ.
എല്ലാ അക്ഷരവും കൂട്ടിവച്ച് ഇതിലും വലിയ വാക്കെഴുതാന്‍ പറ്റുമോ എന്ന് എനിക്കറിയില്ല.
ഇന്നലെകളില്‍ നിന്നിറങ്ങി ഓര്‍മകളുടെ ജാലക വാതില്‍ വലിച്ചടച്ചു ഇന്നിന്റെ തിരക്കിലേക്ക് ഞാന്‍ വിളികേട്ടു....മനോഹരമെന്നോ ,സുന്ദരമെന്നോ പറഞ്ഞു ഞാന്‍ അലങ്കാര വാക്കുകള്‍ പറയുന്നില്ല ..പ്രിയ മോന്‍സ് നീ വീണ്ടും എന്നെ പൊട്ടി കരയിപ്പിച്ചു ...
പ്രിയ സുഹൃത്തേ.. കണ്ണുകളെ നിയന്ത്രിക്കാനായില്ല.
ഉള്ളപ്പോള്‍ പലര്‍ക്കും വില മനസിലാവാതെ പോകുന്നു നഷ്ടപ്പെടുമ്പോള്‍ വിതുമ്പിയിട്ട് എന്ത് ഫലം. ജീവിച്ചിരിക്കുന്ന മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. മരണപ്പെട്ടവര്‍ക്കായി പ്രാര്‍ഥിക്കുക.. നന്മകള് നേരുന്നു..
ഫേസ് ബുക്കില്‍ ഒരു സുഹൃത്ത് പോസ്റ്റ് ചെയ്തത് വഴിയാണ് ഇവിടെയെത്തിയത്.. വീണ്ടും വരാം
Sharikkum karanhu poyi mone nhanum. karanam enikkum ellam ellam ayirunna ente ummayum enne vittu pirinhittu oru varshamayilla.
മോന്‍സ് വളരെ നന്നായി എഴുതി, ഉമ്മമ്മാരെല്ലാം അങ്ങിനെയാണല്ലോ, നന്മയുടെ ഉറവിടം, മക്കള്‍ക്ക് വേണ്ടി ജീവിതം നീക്കി വെയ്ക്കുന്നവര്‍... കഥ വളരെ hrudaya sparshiyaayi paranju.
ആശംസകളോടെ..
അമ്മയെന്ന വാക്കു കൊണ്ട് പൂജ ചെയ്തിടാം...
സുഹൃത്തെ..നന്നായി എഴുതി....
കഥയാണെന്ന് തോന്നിയില്ല... ലേബല്‍ കാണുന്നത് വരെ..
നന്നായിരിക്കുന്നു എഴുത്ത്
Sathyam parayatte, kaalangalku seshan Ente kannu niranju....
കണ്ണു നിറഞ്ഞപ്പോള്‍ വായന പകുതി വഴിയില്‍ നിര്‍ത്തി
ഉമ്മാക്ക് പൊറുത്തുകൊടുക്കണേ എന്നതിനേക്കാളും ഞാന്‍ പ്രാര്‍ഥിക്കാറുള്ളത് ആ മനസ്സിലുണ്ടായിരുന്ന നന്മയുടെ വെളിച്ചം എന്റെ മനസ്സിലും നിറച്ചു തരണേ പടച്ചവനെ എന്നാണ്
Hakkee.. Suprb dear :) (y).. Varikal vaayikkunnathinidakku aksharangalokke BLUR aayippoyi.. nnalum njan vaayichu theerthu aa aksharakkoottukal.. :) (y) .. am proud to be a friend like u :) (y) .. expecting ... :)
ഉള്ളില്‍ തൊട്ടത് എഴുതുമ്പോ അതിന് മനോഹരമാവാതിരിക്കാന് വയ്യാ. ഏതായാലും സമ്മാനം നേടിയല്ലോ. ഇനി കൂടുതല്‍ എഴുതണം
സ്മൃതികൾ സന്മാർഗിയുടെ വിജയ രഹസ്യമാണു.
നല്ല കഥ. അഭിനന്ദനങ്ങൾ...!!
കണ്ണ് നിറഞ്ഞു സഹോദര..... സ്നേഹിക്കണം ഉമ്മാനെ...മരണം
വരെ
Pragmatic Play Casino - KTM Hub
The 김해 출장샵 casino is located at 777 Casino 정읍 출장마사지 Drive in 경산 출장마사지 Tromah, 진주 출장샵 in Tromah, 보령 출장안마 in South Africa. The Pragmatic Play casino provides an incredible range of gaming
Post a Comment
ഒരു അഭിപ്രായം പറഞ്ഞിട്ട് പോയ്ക്കൂടെ...?